ഇസ്രയേല്‍ വ്യോമാക്രമണത്തിനെതിരെ യുഎന്‍ ജനറല്‍ അസംബ്ലി പ്രമേയം പാസാക്കി. 120 രാജ്യങ്ങള്‍ പ്രമേയത്തെ അനുകൂലിച്ചു. 14 രാജ്യങ്ങള്‍ വിയോജിച്ചു. ഇന്ത്യ ഉള്‍പ്പെടെ 45 രാജ്യങ്ങള്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു. അടിയന്തര വെടിനിര്‍ത്തല്‍ വേണമെന്നും ഗാസയില്‍ ഉള്ളവര്‍ക്ക് സഹായം എത്തിക്കാനുള്ള തടസങ്ങള്‍ നീക്കണമെന്നും പ്രമേയത്തില്‍ ആവശ്യപ്പെട്ടു.
ഗാസയില്‍ ഇസ്രയേലിന്റെ കനത്ത വ്യോമാക്രമണം തുടരുകയാണ്. ഇതുവരെയുണ്ടായതില്‍ വെച്ച് ഏറ്റവും കനത്ത വ്യോമാക്രമണമാണ് ഗാസയില്‍ ഇപ്പോഴുണ്ടായതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. ഉഗ്രസ്‌ഫോടനങ്ങളാണ് ഗാസ നഗരത്തിലുടനീളം ഉണ്ടായത്. കനത്ത വ്യോമാക്രമണത്തില്‍ ഗാസയിലെ വാര്‍ത്താവിതരണ സംവിധാനങ്ങള്‍ തകര്‍ന്നു. ഇന്റര്‍നെറ്റ് സംവിധാനം താറുമാറായി. ഹമാസിന്റെ ഭൂഗര്‍ഭ കേന്ദ്രങ്ങളെ ലക്ഷ്യമാക്കിയാണ് ആക്രമണമെന്നും കരയുദ്ധം വ്യാപിപ്പിക്കുമെന്നും ഇസ്രയേല്‍ സൈന്യം അറിയിച്ചു.