ജറുസലം: ഹമാസ് ബന്ദികളാക്കിയവരെ കുറിച്ചുള്ള വിവരങ്ങൾ കൈമാറുന്ന പലസ്‌തീനികൾക്ക് പാരിതോഷികവും സംരക്ഷണവും പ്രഖ്യാപിച്ച് ഇസ്രയേൽ.ഇതു സംബന്ധിച്ച് ഗാസയിൽ ഇസ്രയേൽ ലഘുലേഖകൾ വിതരണം ചെയ്‌തു. ഒക്‌ടോബർ 7ന് 1,400 പേരുടെ മരണത്തിനിടയാക്കിയ അതിർത്തി കടന്നുള്ള ആക്രമണത്തിൽ 200ലധികം പേരെ ഹമാസ് തീവ്രവാദി സംഘം പിടികൂടി ബന്ദികളാക്കി. അതിന് ശേഷം ഗാസയിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ 5,000ത്തിലധികം പേർ കൊല്ലപ്പെട്ടതായി പലസ്‌തീൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
“സമാധാനത്തോടെ ജീവിക്കാനും നിങ്ങളുടെ മക്കൾക്ക് നല്ല ഭാവി ലഭിക്കാനുമാണ് നിങ്ങളുടെ ആഗ്രഹമെങ്കിൽ, ഉടൻ തന്നെ ഈ മാനുഷിക പ്രവൃത്തി ചെയ്യുക, നിങ്ങളുടെ പ്രദേശത്ത് ബന്ദികളാക്കിയിരിക്കുന്നതിനെക്കുറിച്ചുള്ള വിലപ്പെട്ട വിവരങ്ങൾ പങ്കിടുക,” സൈന്യം ലഘുലേഖയിൽ പറഞ്ഞു. വിവരങ്ങൾ സഹിതം വിളിക്കേണ്ട ഫോൺ നമ്പറുകൾ ലഘുലേഖയിൽ രേഖപ്പെടുത്തിയിട്ടുണ്ട്. വിദേശ പൗരന്മാരുൾപ്പെടെ ബന്ദികളാക്കിയവരെ ഗാസയിലേക്ക് കൊണ്ടുപോയെന്നും എന്നാൽ അവർ എവിടെയാണെന്ന് കൃത്യമായി അറിയാത്തത് രക്ഷാപ്രവർത്തനത്തെ സങ്കീർണ്ണമാക്കിയെന്നും ഇസ്രയേൽ പറയുന്നു. നേരത്തെ നാല് ബന്ദികളെ ഹമാസ് മോചിപ്പിച്ചിരുന്നു.