റഫ: ഗാസ സിറ്റി വിട്ടുപോകാത്തവരെ ഭീകരരായി കണക്കാക്കുമെന്ന് മുന്നറിയിപ്പ് നൽകി ഇസ്രായേൽ. ഗാസ സിറ്റിയിലേയ്ക്ക് തിരിച്ചു വരുന്നതോ ഗാസയില്‍ തുടരുന്നതോ ആയ ആളുകളെ ഭീകരരോ ഹമാസുമായി സഹകരിക്കുന്നവരോ ആയി കണക്കാക്കുമെന്നാണ് മുന്നറിയിപ്പ്. ഗാസ സിറ്റിയില്‍ തുടരുന്നവര്‍ പ്രത്യാഘാതം അനുഭവിക്കേണ്ടി വരുമെന്നും ഇസ്രായേൽ അറിയിച്ചു. മുന്നറിയിപ്പ് റെക്കോര്‍ഡ് ചെയ്ത ഫോണ്‍കോളുകള്‍ രാവിലെ മുതല്‍ ഇസ്രയേല്‍ സൈന്യത്തിന്റേതായി ലഭിച്ചുവെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
നേരത്തെ വടക്കൻ ഗാസയിൽ നിന്നും ജനങ്ങൾ തെക്കോട്ട് ഒഴിഞ്ഞ് പോകണമെന്നാണ് ഇസ്രയേൽ അന്ത്യശാസനം നൽകിയിരുന്നത്. വടക്കന്‍ ഗാസയിലെ ബെയ്റ്റ് ഹനൂനില്‍ നിന്നും ഖാന്‍ യൂനിസിലേക്ക് സുരക്ഷിതപാത ഒരുക്കുമെന്ന് ഇസ്രയേല്‍ വാഗ്ദാനം ചെയ്തിരുന്നു. തെക്കന്‍ ഗാസയിലേക്ക് പോകുന്നവര്‍ ബെയ്റ്റ് ഹനൂനില്‍ നിന്ന് ഖാന്‍ യൂനിസിലേക്കുള്ള ഒരൊറ്റവഴി തന്നെ ഉപയോഗിക്കണമെന്നും ഇസ്രയേൽ ആവശ്യപ്പെട്ടിരുന്നു. സുരക്ഷിതപാത ഉപയോഗിക്കാനായി നിശ്ചിതസമയം ഈ പാതയിൽ ആക്രമണം നടത്തില്ലെന്നും ഇസ്രയേൽ അറിയിച്ചിരുന്നു.