കൊട്ടിയം : ഇസ്രായേല്‍ സ്വദേശിയായ യുവതിയുടെ കൊലപാതകത്തെക്കുറിച്ച് പൊലീസ് വിശദമായ അന്വേഷണം തുടങ്ങി. ഇവരുടെ പാസ്പോര്‍ട്ടും രണ്ട് ആത്മഹത്യാകുറിപ്പുകളും ഇവരുടെ മുറിയില്‍ നിന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.സ്വത്വയെ കൊലപ്പെടുത്തിയശേഷം ഭര്‍ത്താവ് കൃഷ്ണചന്ദ്രൻ ആത്മഹത്യക്ക് ശ്രമിച്ചതാണെന്ന നിഗമനത്തിലാണ് പൊലീസ്. കൃഷ്ണചന്ദ്രൻ അസുഖബാധിതനായതിനെതുടര്‍ന്ന് ഇരുവരും ചേര്‍ന്ന് ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചതാണെന്നാണ് കൃഷ്ണചന്ദ്രൻ പൊലീസിനോട് പറഞ്ഞത്. എന്നാല്‍, പൊലീസ് ഇത് വിശ്വസിച്ചിട്ടില്ല.
കൊല്ലപ്പെട്ട സ്വത്വക്ക് ഇന്ത്യയില്‍ താമസിക്കുന്നതിനുള്ള പെര്‍മിറ്റ് ഉണ്ടായിരുന്നു. വ്യാഴാഴ്ച വൈകീട്ടാണ് ഇവരെ കൊലപ്പെടുത്തിയ നിലയിലും ഭര്‍ത്താവിനെ ഗുരുതരമായി പരിക്കേറ്റ നിലയിലും ഇവര്‍ താമസിച്ചിരുന്ന കോടാലിമുക്കിലെ ബന്ധുവീട്ടില്‍ കാണപ്പെട്ടത്. പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം നടത്തിയ ശേഷം മൃതദേഹം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
ഇവരുടെ വിവരങ്ങള്‍ക്കായി ഫോറിൻ രജിസ്ട്രേഷൻ ഓഫിസുമായി പൊലീസ് ബന്ധപ്പെട്ടുവരുകയാണ്. ഇസ്രായേലില്‍നിന്ന് ബന്ധുക്കള്‍ എത്തുമെന്ന പ്രതീക്ഷയാണ് പൊലീസിനുള്ളത്. ഉത്തരാഖണ്ഡില്‍ യോഗ പഠിക്കാനെത്തിയപ്പോഴാണ് യോഗ അധ്യാപകനായ കൃഷ്ണചന്ദ്രനെ പരിചയപ്പെടുന്നതും വിവാഹം കഴിക്കുന്നതും. ഒരുവര്‍ഷം മുമ്ബാണ് ഇവര്‍ കോടാലിമുക്കിലെ ബന്ധുവീട്ടിലെത്തിയത്. സോറിയാസിസ് ബാധിതനായ കൃഷ്ണചന്ദ്രനും ഭാര്യയും കഴിഞ്ഞവര്‍ഷം തന്നെ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചിരുന്നതായാണ് വിവരം. കൃഷ്ണചന്ദ്രൻ പൊലീസ് നിരീക്ഷണത്തില്‍ പാലത്തറയിലെ സഹകരണ ആശുപത്രിയില്‍ ചികിത്സയിലാണ്.