വത്തിക്കാന്‍ സിറ്റി: ഗാസയില്‍ ഉപരോധം നേരിടുന്നവരെ സഹായിക്കാന്‍ മാനുഷിക ഇടനാഴി തുറക്കണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. ഹമാസ് ബന്ദികളാക്കിയ ഇസ്രയേലികളെ വിട്ടയക്കണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു. എല്ലാറ്റിനും മേലെ ഗാസയില്‍ മാനുഷികാവകാശങ്ങള്‍ മാനിക്കപ്പെടണമെന്നും അദ്ദേഹം പറഞ്ഞു.
‘കുട്ടികളും രോഗികളും പ്രായമായവരും സ്ത്രീകളും ഉള്‍പ്പെടെയുള്ള സാധാരണ പൗരന്മാര്‍ ആരും സംഘര്‍ഷത്തിന്റെ ഇരകളാകരുത്. ഗാസയില്‍ എല്ലാറ്റിനും മേലെ, മാനുഷികാവകാശങ്ങള്‍ മാനിക്കപ്പെടണം. അവിടത്തെ മുഴുവന്‍ ജനങ്ങളെയും സഹായിക്കാന്‍ ഒരു മാനുഷിക ഇടനാഴി ഉറപ്പാക്കുന്നത് അടിയന്തരവും അത്യാവശ്യവുമാണ്’-വത്തിക്കാനിലെ സെയ്ന്റ് പീറ്റേഴ്‌സ് ചത്വരത്തില്‍ ഞായറാഴ്ച നടന്ന പതിവുപ്രാര്‍ഥനയ്ക്കുശേഷമം മാര്‍പാപ്പ അഭ്യര്‍ഥിച്ചു. ഇതിനകംതന്നെ നിരവധി പേര്‍ മരിച്ചു. വിശുദ്ധ ഭൂമിയിലോ യുക്രൈനിലോ മറ്റെവിടെയെങ്കിലുമോ ഇനിയും നിരപരാധികളുടെ ചോര പൊടിയരുത്. യുദ്ധങ്ങള്‍ എപ്പോഴും പരാജയമാണ്. യുദ്ധം, വിദ്വേഷം, തീവ്രവാദം എന്നിവയ്‌ക്കെതിരേ ലോകമെമ്പാടുമുള്ള വിശ്വാസികളോട് പ്രാര്‍ഥിക്കാനും മാര്‍പാപ്പ ആവശ്യപ്പെട്ടു.
ഹമാസ് – ഇസ്രയേല്‍ സംഘര്‍ഷത്തില്‍ ഇതുവരെ 3,600 പേരാണ് കൊല്ലപ്പെട്ടത്. ഗാസയില്‍ 2,329 പേരും ഇസ്രയേലില്‍ 1,374 പേരുമാണ് മരിച്ചത്.