വാഷിങ്ടൺ: ഇസ്രയേൽ ആക്രമണം നടക്കുന്ന ഗാസയിൽ വെടിനിർത്തൽ ആവശ്യപ്പെട്ട് യു.എസ് ജനപ്രതിനിധി സഭയിൽ പ്രമേയം. ഇസ്രയേലിലും അധിനിവേശ പലസ്തീനിലും അക്രമാസക്തമായ സാഹചര്യം ഒഴിവാക്കുന്നതും വെടിനിർത്തലും ആവശ്യപ്പെടുന്ന പ്രമേയമാണ് കോൺഗ്രസിലെ ഡെമോക്രാറ്റിക് അംഗങ്ങൾ അവതരിപ്പിച്ചത്.
പലസ്തീൻ വംശജയായ റാഷിദ തായിബ്, സോമാലിയൻ വംശജയായ ഇഹാൻ ഒമർ, കോറി ബുഷ്, സമ്മർ ലീ, അയന്ന പ്രെസ്ലി, അലക്സാണ്ട്രിയ ഒകാസിയോ-കോർട്ടെസ് അടക്കമുള്ള പന്ത്രണ്ടോളം അംഗങ്ങളാണ് പ്രമേയത്തെ പിന്തുണച്ചത്. വെടിനിർത്തൽ പ്രഖ്യാപിക്കണമെന്ന ആവശ്യം രാജ്യത്ത് ഉയരുന്ന സാഹചര്യത്തിലാണ് അംഗങ്ങൾ പ്രമേയത്തിലൂടെ ഇക്കാര്യം ആവശ്യപ്പെട്ടത്. എല്ലാ മനുഷ്യ ജീവനും വിലപ്പെട്ടതാണ്. സിവിലിയന്മാരെ അവരുടെ വിശ്വാസമോ വംശമോ പരിഗണിക്കാതെ ലക്ഷ്യം വെക്കുന്നു. ഇത് അന്താരാഷ്ട്ര മാനുഷിക നിയമത്തിന്‍റെ ലംഘനമാണെന്നും പ്രമേയം ചൂണ്ടിക്കാട്ടുന്നു.