ഡല്‍ഹി: ഹമാസുമായി ബന്ധപ്പെട്ട കോൺഗ്രസ് പ്രവർത്തക സമിതിയുടെ പ്രമേയത്തിൽ പാർട്ടിയിൽ ഭിന്നതകളൊന്നുമില്ലെന്ന് ലോക്‌സഭയിലെ കോൺഗ്രസ് ഉപനേതാവ് ഗൗരവ് ഗൊഗോയ്. പ്രമേയത്തിൽ ഇസ്രയേലിനെതിരായ ആക്രമണത്തെ പരാമർശിക്കാതെ ഹമാസിനെയും പലസ്‌തീൻ വിഷയത്തെയും പിന്തുണച്ചുവെന്നാരോപിച്ച് കോൺഗ്രസിനെതിരെ ബിജെപി വിമർശനം ഉയർത്തിയതിന് പിന്നാലെയാണ് ഗൊഗോയിയുടെ പ്രസ്‌താവന.
മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയി പലസ്‌തീൻ ജനതയുടെ ആവശ്യത്തിന് അനുകൂലമായ നിലപാടെടുത്തതും കോൺഗ്രസ് ബിജെപിയെ ഓർമിപ്പിച്ചു.
പലസ്‌തീൻ പ്രശ്‌നം ചർച്ചയിലൂടെ പരിഹരിക്കണമെന്ന് പ്രവർത്തക സമിതി ആവശ്യപ്പെട്ടതായും ഗൊഗോയ് പറഞ്ഞു. തിരഞ്ഞെടുപ്പിലെ സീറ്റ് വിതരണവുമായി ബന്ധപ്പെട്ട് പാർട്ടിയിലുണ്ടായ ഭിന്നതയിൽ നിന്ന് ജനങ്ങളുടെ ശ്രദ്ധ തിരിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
കോൺഗ്രസ് പ്രവർത്തക സമിതിയുടെ പ്രമേയത്തെ ബിജെപി രാഷ്ട്രീയവൽക്കരിക്കുന്നത് ദൗർഭാഗ്യകരമാണെന്നും ഇസ്രയേലിലും ഗാസയിലും ഇന്ത്യക്കാർ സുരക്ഷിതരായിരിക്കണമെന്നും അവർ നാട്ടിലേക്ക് മടങ്ങണമെന്നും ആഗ്രഹിക്കുന്നതായി ഗോഗോയ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.
“ഒരു നീരസവുമില്ല, ഇതെല്ലാം കിംവദന്തികളാണ്. കോൺഗ്രസ് പ്രമേയത്തിന്മേൽ ആളുകൾ രാഷ്ട്രീയം കളിക്കുന്നതിൽ ഖേദമുണ്ട്… ഇസ്രയേലിലായാലും ഗാസയിലായാലും ഇന്ത്യൻ പൗരന്മാർ സുരക്ഷിതരായിരിക്കണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു. അവർ തിരിച്ചുവരണം, അതിലായിരിക്കണം നമ്മുടെ ശ്രദ്ധ” അദ്ദേഹം പറഞ്ഞു.
“വാജ്‌പേയിജിയുടെ പ്രസംഗം ഓർക്കണമെന്നും അദ്ദേഹം പറഞ്ഞ കാര്യങ്ങൾ മനസിലാക്കണമെന്നും (ബിജെപി നേതാവ്) കൈലാഷ് വിജയവർഗിയാജിയോട് ഞാൻ പറയാൻ ആഗ്രഹിക്കുന്നു.” ഗൊഗോയ് കൂട്ടിച്ചേർത്തു.
“ഭാരത് ജോഡോ യാത്രയുടെ വിജയത്തിന് ശേഷം ബിജെപി കോൺഗ്രസിനെ കുറിച്ച് മാത്രമാണ് സംസാരിക്കുന്നത്, വാജ്‌പേയിജിയുടെ പ്രസംഗം പോലെ സ്വന്തം ചരിത്രവും അവർ മറന്നു” അദ്ദേഹം പറഞ്ഞു.
“കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളിൽ ആയിരത്തിലധികം ആളുകൾ കൊല്ലപ്പെട്ട മിഡിൽ ഈസ്‌റ്റിൽ പൊട്ടിപ്പുറപ്പെട്ട യുദ്ധത്തിൽ കോൺഗ്രസ് പ്രവർത്തക സമിതി നിരാശയും വേദനയും പ്രകടിപ്പിക്കുന്നു.” പ്രമേയത്തിൽ കോൺഗ്രസ് പറഞ്ഞു.