സ്വാതന്ത്ര്യസമര സ്മരണയിൽ ഇന്ത്യാ; ഇന്ന് സ്വാതന്ത്ര്യദിനം

Breaking National

ഇന്ന് നമ്മുടെ രാഷ്ട്രം മറ്റൊരു സ്വാതന്ത്ര്യ ദിനം കൊണ്ടാടുകയാണ്. രണ്ട് നൂറ്റാണ്ട് നീണ്ട ബ്രിട്ടീഷുക്കാരുടെ അടിമത്വത്തിൽ നിന്ന് ഇന്ത്യയെ സ്വതന്ത്രമാക്കിയത് നിരവധി നേതാക്കളുടെ കഠിനപ്രയ്തനത്തിൻ്റെ കൂടെ ഫലമാണെന്ന് തന്നെ പറയാം. എല്ലാ സ്വാതന്ത്ര്യദിനത്തിലും ഇന്ത്യ കടന്ന് വന്ന എല്ലാ നേട്ടങ്ങളെയും ഓർത്ത് ഓരോ ഇന്ത്യക്കാരും അഭിമാനം കൊള്ളാറുണ്ട്. 17-ാം നൂറ്റാണ്ടില്‍ വ്യാപാരത്തിനായി ഇന്ത്യയിലേക്ക് എത്തിയവരാണ് ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി. എന്നാല്‍ പതിയെ പതിയെ അവര്‍ നമ്മുടെ രാജ്യത്തിന്റെ ഭരണത്തിലും കൈകടത്താന്‍ തുടങ്ങി. ഇന്ത്യയുടെ വിഭവങ്ങള്‍ ചൂഷണം ചെയ്ത അവര്‍ നമ്മുടെ രാജ്യത്തെ ബ്രിട്ടന്റെ കോളനിയാക്കി മാറ്റുകയും ചെയ്തു. 19-ാം നൂറ്റാണ്ട് ആയപ്പോഴേക്കും ബ്രിട്ടീഷ് രാജ്ഞി ഇന്ത്യയുടെ ഭരണം ഏറ്റെടുത്തു. അങ്ങനെ ഇന്ത്യ ബ്രിട്ടന്റെ കോളനിയായി മാറി. എന്നാല്‍ ബ്രിട്ടീഷുകാരുടെ ചൂഷണത്തില്‍ പൊറുതിമുട്ടിയ ഇന്ത്യയിലെ ജനങ്ങള്‍ പ്രതികരിക്കാനും സംഘടിക്കാനും തുടങ്ങി. ഈ പ്രതിഷേധങ്ങളെയെല്ലാം പ്രതിനിധീകരിക്കാന്‍ നമുക്ക് ഒരു രാഷ്ട്രീയ സംഘടനയും രൂപപ്പെട്ടു. അതാണ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് എന്ന ഐഎന്‍സി. വൈകാതെ ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം നല്‍കണമെന്നാവശ്യപ്പെട്ട് നിരവധി നേതാക്കള്‍ തെരുവിലിറങ്ങി. എന്നാല്‍ ഈ സമരങ്ങളുടെ സാരഥ്യം മഹാത്മാ ഗാന്ധി ഏറ്റെടുത്തത്തോടെ സ്വാതന്ത്ര്യ സമരത്തിന് പുതിയൊരു വഴിത്തിരിവായി. അഹിംസ, സത്യാഗ്രഹം, സമാധാനപരമായ പ്രതിഷേധം എന്നീ നൂതനാശയങ്ങള്‍ അടങ്ങിയതായിരുന്നു ഗാന്ധിജിയുടെ സമര രീതി. ഈ അടിസ്ഥാന തത്വങ്ങളിലുറച്ച് നേതാക്കള്‍ സ്വാതന്ത്ര്യത്തിനായി തെരുവിലിറങ്ങി. ക്വിറ്റ് ഇന്ത്യ സമരത്തിനും നിസ്സഹകരണ സമരത്തിനും നിയമലംഘന സമരത്തിനും ഇന്ത്യ സാക്ഷിയായി. രണ്ടാം ലോക മഹായുദ്ധത്തോടെ ബ്രിട്ടന്റെ ശക്തി ക്ഷയിക്കാന്‍ തുടങ്ങിയിരുന്നു. അതോടെ ഇന്ത്യയുടെ ആവശ്യം കണ്ടില്ലെന്ന് നടിക്കാന്‍ അവര്‍ക്ക് കഴിഞ്ഞില്ല. ഒടുവില്‍ ഇന്ത്യയുടെ ആവശ്യത്തിന് മുന്നില്‍ ബ്രിട്ടീഷുകാര്‍ക്ക് മുട്ടുമടക്കേണ്ടി വന്നു. തുടര്‍ന്ന് 1947 ആഗസ്റ്റ് 15ന് ബ്രിട്ടീഷുകാരില്‍ നിന്ന് ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചു. ഇതോടെ 200 വര്‍ഷം നീണ്ട ബ്രിട്ടീഷ് മേല്‍ക്കോയ്മയ്ക്ക് അന്ത്യം കുറിക്കുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *