ദിസ്പുർ: ഇന്ത്യയിലെ ഏറ്റവും പ്രായം കൂടിയ നാട്ടാന ചരിഞ്ഞു. ബിജുലി പ്രസാദ് എന്ന ആനയാണ് ചരിഞ്ഞത്. 89 വയസിലേറെ പ്രായമുള്ളതായാണ് കണക്ക്. ഇന്ന് പുലർച്ചെ 3.30 ഓടെയാണ് ആന ചരിഞ്ഞത്. വാർദ്ധക്യ സഹജമായ പ്രശ്നങ്ങളാണ് മരണ കാരണമെന്ന് അധികൃതർ അറിയിച്ചു.
വില്യംസൺ മഗോർ ഗ്രൂപ്പിന്റെ ബെഹാലി ടീ എസ്റ്റേറ്റിലായിരുന്നു ആന കഴിഞ്ഞിരുന്നത്. ഗ്രൂപ്പിന്റെ അഭിമാന പ്രതീകമായിരുന്നു ബിജുലി പ്രസാദ്. ബർഗാംഗ് തേയില തോട്ടത്തിലേക്ക് കുട്ടി ആയിരിക്കുമ്പോൾ വന്നുചേർന്നതാണ് ബിജുലി. കമ്പനി ബർഗാംഗ് ടീ എസ്റ്റേറ്റ് വിറ്റതിന് ശേഷം പിന്നീട് ആനയെ ബെഹാലി തേയിലത്തോട്ടത്തിലേക്ക് കൊണ്ടുവരികയായിരുന്നു. ഏകദേശം 8-10 വർഷം മുമ്പ് ആനയുടെ പല്ലുകളെല്ലാം കൊഴിഞ്ഞുപോയിരുന്നു.