വ്യാജ വോട്ടർ ഐ ഡി നിർമ്മിച്ച് തിരഞ്ഞെടുപ്പ് ആട്ടിമറിച്ചു, യൂത്ത് കോൺഗ്രസ്‌ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കൂടുതൽ തെളിവുകൾ പുറത്ത്

Kerala

തിരുവനന്തപുരം :ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷന്റെ തിരിച്ചറിയൽ കാർഡ് വ്യാജമായി തയ്യാറാക്കി വോട്ട് രേഖപ്പെടുത്തി എന്ന പരാതിയിൽ കൂടുതൽ തെളിവുകൾ പുറത്ത്. യൂത്ത് കോൺഗ്രസ് സംഘടനാ തിരഞ്ഞെടുപ്പിൽ വ്യാജ തിരിച്ചറിയൽ കാർഡ് നിർമ്മിച്ചതിൻ്റെ തെളിവായി പരാതിക്കാർ എഐസിസിക്ക് കൈമാറിയ മൊബൈൽ ആപ്ലിക്കേഷനും മാതൃകാ വീഡിയോയും റിപ്പോർട്ടർ ടിവിക്ക് ലഭിച്ചു. രാഹുൽ ഗാന്ധിയുടെ തിരിച്ചറിയൽ കാർഡ് തയ്യാറാക്കുന്ന മാതൃക വീഡിയോ ഉൾപ്പെടെയാണ് പരാതിക്കാർ എഐസിസിക്ക് കൈമാറിയിരിക്കുന്നത്. .

സിആർ കാർഡെന്ന ഈ ആപ്ലിക്കേഷനിലൂടെ ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷന്റെ തിരിച്ചറിയൽ കാർഡ് നിർമ്മിക്കാൻ ഒരു പാസ്പോർട്ട് സൈസ് ഫോട്ടോ മാത്രം മതി. പേരും മേൽവിലാസവും ഉൾപ്പെടെ വിവരങ്ങൾ നൽകിയാൽ 5 മിനിറ്റിനകം യഥാർത്ഥ തിരിച്ചറിയൽ കാർഡിനെ വെല്ലുന്ന രീതിയില്‍ വ്യാജ കാർഡ് റെഡിയാകും.

ഇത് പിവിസി കാർഡിൽ പ്രിൻറ് എടുക്കാനും സാധിക്കും. ഇതേ മാതൃകയിൽ ആയിരക്കണക്കിന് തിരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡ് തയ്യാറാക്കിയെന്നാണ് കേരളത്തിലെ ചില യൂത്ത് കോൺഗ്രസ് നേതാക്കൾ പരാതി നൽകിയത്. ഇത്തരം കാർഡുകൾ ഉപയോഗിച്ച് പലരും വോട്ട് രേഖപ്പെടുത്തി എന്നും പരാതിയിൽ ആരോപിക്കുന്നു. ബാംഗ്ലൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന പി ആർ കമ്പനിയാണ് വ്യാജ തിരിച്ചറിയൽ കാർഡ് നിർമ്മിച്ചതെന്നും പരാതിക്കാർ പറയുന്നുണ്ട്. ഏതായാലും ഈ ആരോപണങ്ങളിൽ കോൺഗ്രസ് സംഘടനാ തലത്തിൽ അന്വേഷണം നടത്താനാണ് സാധ്യത.

വ്യാജ കാർഡ് ഉപയോഗിച്ച് വ്യാപകമായി അംഗത്വം ചേർത്തെന്നും ആരോപണമുണ്ട്. തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം റദ്ദാക്കണമെന്നും നേതാക്കൾ ആവശ്യമുന്നയിച്ചിട്ടുണ്ട്. യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പ് കമ്മിറ്റി, കോൺഗ്രസ് പ്രസിഡന്റ് എന്നിവർക്കാണ് പരാതി നൽകിയത്. രാഹുൽ ഗാന്ധി, കെ സി വേണുഗോപാൽ എന്നിവർക്കും പരാതി നൽകിയിട്ടുണ്ട്.

ഇതിനിടെ കുറ്റിപ്പുറത്തെ യൂത്ത് കോൺഗ്രസിന്റെ സംഘടനാ തിരഞ്ഞെടുപ്പും വിവാദത്തിൽ ആയിട്ടുണ്ട്. തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോൾ മലപ്പുറം കുറ്റിപ്പുറത്തെ പുതിയ മണ്ഡലം പ്രസിഡന്റിനെ കാണാനില്ല എന്നാണ് പരാതി. ഫലം പുറത്ത് വന്നിട്ടും കുറ്റിപ്പുറം മണ്ഡലം പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട മുഹമ്മദ് റാഷിദാണ് അജ്ഞാതനായി കാണാമറയത്ത് തുടരുകയാണ്. വ്യാജനായ വ്യക്തിയെ മത്സരിപ്പിച്ചവർക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് പരാജയപ്പെട്ട സ്ഥാനാർത്ഥി പി മുസ്തഫ രംഗത്ത് വന്നിട്ടുണ്ട്. തിരഞ്ഞെടുപ്പിൽ ആസൂത്രിത അട്ടിമറി നടന്നെന്ന ആരോപണവുമായി എ ഗ്രൂപ്പും രംഗത്തെത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *