ഡൽഹി: ഇന്ത്യൻ ഗുസ്തി ഫെഡറേഷനെ സസ്പെൻഡ് ചെയ്ത് ലോക ഗുസ്തി ഫെഡറേഷൻ. തുടർച്ചയായി തിരഞ്ഞെടുപ്പ് നടക്കാത്തതിനാണ് നടപടി. മുൻ അദ്ധ്യക്ഷൻ ബ്രിജ് ഭൂഷൺ ശരൺ സിംഗിനെതിരെ ലൈംഗിക ആരോപണം മുതൽ നിരവധി വിവാദങ്ങളിലൂടെയാണ് ദേശീയ ഗുസ്തി ഫെഡറേഷൻ കടന്നുപോകുന്നത്. ജൂണിൽ നടക്കാനിരുന്ന തിരഞ്ഞെടുപ്പ് പ്രതിഷേധങ്ങളെ തുടർന്ന് നടന്നില്ല. സസ്പെൻഷൻ മാറുന്നത് വരെ ഇന്ത്യൻ താരങ്ങൾക്ക് ദേശീയ പതാകയ്ക്ക് കീഴിൽ മത്സരിക്കാനാവില്ല.
സെപ്റ്റംബർ 16 ന് തുടങ്ങുന്ന ലോക ഗുസ്തി ചാമ്പ്യൻഷിപ്പിൽ ഇന്ത്യൻ താരങ്ങൾക്ക് നിക്പക്ഷ ബാനറിന് കീഴിലെ മത്സരിക്കാൻ സാധിക്കുകയുള്ളു. ഏപ്രിൽ 27 ന് ഇന്ത്യൻ ഒളിംപിക്സ് അസോസിയേഷൻ നിയമിച്ച അഡ്ഹോക് കമ്മിറ്റിക്ക് തിരഞ്ഞെടുപ്പ് നടത്താൻ 45 ദിവസം സമയം നൽകിയിരുന്നു. പിന്നാലെ തിരഞ്ഞെടുപ്പ് നടത്തിയില്ലെങ്കിൽ ഇന്ത്യൻ ഗുസ്തി ഫെഡറേഷന് വിലക്ക് ഏർപ്പെടുത്തുമെന്ന് ലോക ഗുസ്തി ഫെഡറേഷൻ മുന്നറിയിപ്പും നൽകിയിരുന്നു.