ഡല്‍ഹി: വോട്ടര്‍ വെരിഫൈഡ് പേപ്പര്‍ ഓഡിറ്റ് ട്രയല്‍ (വിവിപാറ്റ്), ഇലക്ട്രോണിക് വോട്ടിംഗ് മെഷീന്‍ (ഇവിഎം) എന്നിവയെക്കുറിച്ചുള്ള കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയറാം രമേശിന്റെ ആരോപണങ്ങളെ തള്ളി ഇന്ത്യന്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍.
വോട്ടര്‍ വെരിഫൈഡ് പേപ്പര്‍ ഓഡിറ്റ് ട്രയല്‍ (വിവിപിഎടി) വിഷയം ചര്‍ച്ച ചെയ്യാന്‍ ഇന്ത്യന്‍ ബ്ലോക്ക് നേതാക്കളുടെ പ്രതിനിധി സംഘത്തെ കാണാന്‍ അപ്പോയിന്റ്‌മെന്റ് ആവശ്യപ്പെട്ട് ജയറാം രമേശ് തിരഞ്ഞെടുപ്പ് കമ്മിഷന് കത്തെഴുതിയതിന് പിന്നാലെയാണ് മറുപടി.
ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളുടെ ഉപയോഗത്തില്‍ പൂര്‍ണ വിശ്വാസമുണ്ടെന്നും കോണ്‍ഗ്രസിന്റെ കത്തില്‍ പുതിയതായി ഒന്നുമില്ലെന്നും കമ്മീഷന്‍ വ്യക്തമാക്കി. ഇവിഎമ്മില്‍ പിഴവുകളോ ക്രമക്കേടുകളോ ഇല്ല. സുപ്രീം കോടതി ഉള്‍പ്പെടെ രാജ്യത്തെ വിവിധ കോടതികളില്‍ പലതവണ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. ഈ ആശങ്കകള്‍ നേരത്തേ പരിഹരിച്ചതാണെന്നും കമ്മിഷന്‍ പറഞ്ഞു.
രാജ്യത്തെ തിരഞ്ഞെടുപ്പുകളില്‍ നിലവില്‍ ഉപയോഗിക്കുന്ന വോട്ടിംഗ് മെഷീനുകള്‍ക്ക് രൂപം കൊടുത്തത് അന്നത്തെ കേന്ദ്രസര്‍ക്കാരാണ്. നിലവിലെ ശക്തമായ നിയമചട്ടക്കൂടുകള്‍ക്ക് ഉള്ളില്‍ നിന്ന് കൊണ്ടാണ് ഇവ ഉപയോഗിക്കുന്നത്. ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകള്‍ക്കുള്ളില്‍ മൈക്രോ കണ്‍ട്രോളര്‍ കാര്‍ഡുകള്‍ ഉണ്ട്. ഏതെങ്കിലും തരത്തിലുള്ള കൃത്രിമം കാണിക്കാന്‍ ശ്രമിച്ചാല്‍ ഉടനെ തന്നെ യന്ത്രം പ്രവര്‍ത്തനരഹിതമാകുമെന്നും കമ്മിഷന്‍ വ്യക്തമാക്കി.