ചെന്നൈ: ഏകദിന ലോകകപ്പിലെ ആദ്യ മത്സരത്തിൽ ഇന്ത്യക്ക് ആറു വിക്കറ്റിന്റെ തകർപ്പൻ ജയം. ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ മുന്നോട്ടുവച്ച 200 റൺസ് വിജയലക്ഷ്യം 4 വിക്കറ്റ് നഷ്ടപ്പെടുത്തി 41.2 ഓവറിലാണ് ഇന്ത്യ ജയിച്ചത്. എന്നാൽ തുടക്കത്തിൽ തന്നെ മൂന്ന് വിക്കറ്റ് നഷ്ടമായത് ആരാധകരെ നിരാശരാക്കിയിരുന്നു.
ഇഷാൻ കിഷനെയും രോഹിത് ശർമ്മയെയും ശ്രേയസ് അയ്യറേയും ഒരു റൺ പോലും എടുക്കാൻ അനുവദിക്കാതെ ഓസിസ് മടക്കി അയച്ചു. ഇഷാൻ കിഷനെ കാമറൂൺ ഗ്രീനിൻ്റെ കൈകളിലെത്തിച്ച് മിച്ചൽ സ്റ്റാർക്ക് വിക്കറ്റ് വേട്ട ആരംഭിച്ചപ്പോൾ രോഹിതിനെ വിക്കറ്റിനു മുന്നിൽ കുടുക്കിയ ഹേസൽവുഡ് അയ്യരെ ഡേവിഡ് വാർണറിൻ്റെ കൈകളിൽ കുടുക്കി.
തുടർന്ന് ഒത്തുചേർന്ന കോലിയും രാഹുലും ചേർന്നാണ് ഇന്ത്യയുടെ റൺ വേട്ടക്ക് തുടക്കമിട്ടത്. മെല്ലെ സഞ്ചരിച്ച കളിയിൽ 76 പന്തിൽ കോലിയും 72 പന്തിൽ രാഹുലും ഫിഫ്റ്റി തികച്ചു. തുടർന്ന് കോലി ഔട്ട് ആയെങ്കിലും ക്രീസിൽ തുടർന്ന രാഹുൽ ഇന്ത്യയെ അനായാസ വിജയത്തിലേക്ക് എത്തിക്കുകയായിരുന്നു.
ടോസ് നേടി ആദ്യം ബാറ്റിംഗിന് ഇറങ്ങിയ ഓസ്ട്രേലിയ 49.3 ഓവറിൽ വിക്കറ്റ് 199 റൺസ് നേടുന്നതിനിടെ ഓൾ ഔട്ടായി. ഇന്ത്യയുടെ രവീന്ദ്ര ജഡേജ മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോൾ ബുംറയും കുൽദീപും രണ്ട് വിക്കറ്റ് വീതം സ്വന്തമാക്കി.