ഇന്ത്യ മുന്നണി: കോൺഗ്രസിനെ സമ്മർദ്ദത്തിലാക്കാൻ പ്രതിപക്ഷ കക്ഷികൾ

National

യൂസഫ് അരിയന്നൂർ

അഞ്ച് സംസ്ഥാനങ്ങളിലെ ദയനീയ പരാജയം കോൺഗ്രസ്‌ ഏറ്റുവാങ്ങിയതോടെ അസ്വാരസ്യങ്ങൾ പ്രകടിപ്പിച്ച് രംഗത്ത് വന്നിരിക്കുകയാണ് ഇന്ത്യ മുന്നണി നേതാക്കൾ. “കോൺഗ്രസ് തോറ്റതിന് ഇന്ത്യ മുന്നണിയിലെ മറ്റു പാർട്ടികൾ ഉത്തരവാദികളല്ല” എന്നാണ് മമത ബാനർജി പറഞ്ഞത്. ഇങ്ങനെയാണ് കാര്യങ്ങൾ പോകുന്നതെങ്കിൽ ഇന്ത്യ മുന്നണി പരാജയപ്പെടാൻ സാധ്യതയുണ്ടെന്ന് നാഷണല്‍ കോൺഫെറൻസ് അധ്യക്ഷൻ ഒമർ അബ്ദുള്ളയും അഭിപ്രായപ്പെട്ടു. ഡിസംബർ ആറിന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെയുടെ വീട്ടിൽ ഇന്ത്യ മുന്നണിയുടെ യോഗം ചേരാനിരിക്കെയാണ് വിമർശനങ്ങളുമായി നേതാക്കൾ രംഗത്തെത്തിയിട്ടുള്ളത്. യോഗത്തെ കുറിച്ച് നേരത്തെ അറിയിച്ചിട്ടില്ലെന്നും മമത മാധ്യമങ്ങളോട് പ്രതികരിക്കുകയുണ്ടായി. യോഗത്തിൽ തൃണമൂൽ കോൺഗ്രസ് പങ്കെടുക്കില്ലെന്ന സൂചനയാണ് മമത നൽകുന്നത്.

ബിജെപിക്കെതിരെ എല്ലാ പ്രതിപക്ഷ പാർട്ടികളും ‘ഇന്ത്യ’ എന്ന പേരിൽ ഒന്നിക്കുന്നത് 2024 പൊതുതിരഞ്ഞെടുപ്പിൽ വലിയ മുന്നേറ്റമുണ്ടാക്കുമെന്ന്‌ വിലയിരുത്തപ്പെടുന്ന സാഹചര്യത്തിലാണ് അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലം വരുന്നത്. ആദ്യം ഫലം വന്ന മധ്യപ്രദേശ്, ഛത്തിസ്ഗഡ്, രാജസ്ഥാൻ, തെലങ്കാന എന്നീ സംസ്ഥാനങ്ങളിൽ തെലങ്കാനയിൽ ഭരണത്തിൽ വരാൻ സാധിച്ചു എന്നത് മാത്രമാണ് കോൺഗ്രസിനും ഇന്ത്യ സഖ്യത്തിനും ആശ്വസിക്കാൻ ചെറിയ വകനൽകുന്നത്. മറ്റെല്ലായിടത്തും പരാജയപ്പെട്ടതോടെ, കോൺഗ്രസ് നേതൃത്വം നൽകുന്ന ഒരു സഖ്യത്തിന് ഇനി ബിജെപിയെ നേരിടാനാകുമോ എന്ന ചോദ്യമാണ് അവശേഷിക്കുന്നത്. മമത ബാനർജിയും നാഷണൽ കോൺഫറൻസ് അധ്യക്ഷൻ ഒമർ അബ്ദുള്ളയുമുൾപ്പെടെയുള്ളവർ അസ്വാരസ്യങ്ങൾ പ്രകടിപ്പിച്ചു തുടങ്ങിയ സാഹചര്യത്തിൽ ‘ഇന്ത്യ’ മുന്നണിയുടെ കേന്ദ്രബിന്ദു ആരാകുമെന്ന ചോദ്യവും ബാക്കിയാണ്.

ഉദ്ദേശിക്കുന്ന കാര്യങ്ങൾ പ്രവർത്തികമാക്കണമെന്നും, എല്ലാവരെയും ഒരുമിച്ചുകൊണ്ടുവരാനുള്ള ശ്രമം ഫലം കാണണമെന്നും, തൃണമൂൽ കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറി അഭിഷേഖ് ബാനർജി പറഞ്ഞത്. മൂന്നുമാസങ്ങൾക്ക് ശേഷമാണ് കോൺഗ്രസ്, ഇന്ത്യ മുന്നണിയെ ഓർക്കുന്നതെന്ന് ഒമർ അബ്ദുള്ള കോൺഗ്രസിനെ പരിഹസിച്ച് രംഗത്ത് വന്നത്. “ഡിസംബർ ആറിന് ചില ‘ഇന്ത്യ’ മുന്നണി നേതാക്കളെ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെയുടെ വീട്ടിലേക്ക് സ്നേഹവിരുന്നിവിളിച്ചിട്ടുണ്ട്, മൂന്നു മാസങ്ങൾക്കു ശേഷമാണ് അവർ മുന്നണിയെക്കുറിച്ച് ഓർക്കുന്നത്. നമുക്ക് നോക്കാം എന്താണ് സംഭവിക്കാൻ പോകുന്നതെന്ന്” എന്നാണ് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞത്.

കോൺഗ്രസിന്റെ അമിത ആത്മവിശ്വാസം കാരണമാണ് ഉണ്ടായതെന്നുള്ള വിമർശനം പ്രതിപക്ഷ പാർട്ടികൾക്കിടയിലുണ്ട്. ആം ആദ്മി സീറ്റ് വിഭജനം ആവശ്യപ്പെട്ടപ്പോൾ അതിനു തയാറല്ലായിരുന്നു കോൺഗ്രസ്. മധ്യപ്രദേശിൽ സമാജ്‌വാദി പാർട്ടിയും ആം ആദ്മിയും, സിപിഎമ്മും വ്യത്യസ്തമായാണ് മത്സരിച്ചത്. ഇത് ബിജെപിക്ക് ഭരണം കിട്ടാൻ സഹായകമായെന്നാണ് മറ്റു കക്ഷികളുടെ വിലയിരുത്തുൽ.. രാജസ്ഥാനിലെ ബദ്രയും ദുംഗര്‍ഗഡ്ഢിലും കോൺഗ്രസും സിപിഎമ്മും നേർക്കുനേർ ആയിട്ടാണ് മത്സരിച്ചത്. രഈ മണ്ഡലങ്ങളിൽ കോൺഗ്രസും സി പി എമ്മും നേടിയ വോട്ടുകൾ ചേർത്ത് വച്ചാൽ ബിജെപിയെ എളുപ്പം പരാജയപ്പെടുത്താന്‍ സാധിക്കുമായിരുന്നു.

അതേസമയം, ‘ഇന്ത്യ’ മുന്നണി പ്രാരംഭഘട്ട ചർച്ചകളിലേക്ക് തിരിച്ചുപോകണമെന്നാണ് സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് പറയുന്നത്. ഓരോ പാർട്ടികളും ശക്തരായി നിൽക്കുന്ന സ്ഥലങ്ങളിൽ മറ്റുള്ളവർ അവരെ പിന്തുണയ്ക്കും എന്ന നിലപാടാണ് ആദ്യം മുന്നണി സ്വീകരിച്ചിരുന്നത്. ആ നിലപാടിൽ തന്നെ തുടർന്നാൽ മാത്രമേ മാറ്റം സൃഷ്ടിക്കാൻ സാധിക്കൂ എന്നാണ് അഖിലേഷ് യാദവ് അഭിപ്രായപ്പെട്ടത്. വർഷങ്ങളായി തിരഞ്ഞെടുപ്പ് കാണാത്ത ജമ്മുകശ്മീരിലെ ജനങ്ങളെ സംബന്ധിച്ചിടത്തോളം ഈ തിരഞ്ഞെടുപ്പ് ഫലത്തിൽ സന്തോഷിക്കാൻ പ്രത്യേകിച്ചൊന്നുമില്ല എന്ന് ഒമർ അബ്ദുള്ളയും പറയുന്നു.

സീറ്റ് വിഭജനം കൃത്യമായി നടത്താതെ ഇനി മുന്നോട്ടു പോകാൻ പറ്റില്ല എന്നാണ് കക്ഷി നേതാക്കൾ യോഗത്തിൽ പറയാൻ സാധ്യതയായി രാഷ്ട്രീയ നിരീക്ഷകർ അഭിപ്രായപ്പെടുന്നത്. പ്രത്യേകിച്ച് ആം ആദ്മിയും തൃണമൂൽ കോൺഗ്രസ്സും സമാജ്‌വാദി പാർട്ടിയുംപോലുള്ള വലിയ കക്ഷികൾ. ബിജെപിക്കെതിരെ നിൽക്കുന്ന പ്രധാന പ്രതിപക്ഷ പാർട്ടി എന്ന രീതിയിൽ മേൽക്കൈ നേടാൻ ഇനി കോൺഗ്രസിന് മാത്രമേ സാധിക്കുകയുള്ളൂ എന്ന തിരിച്ചറിവ് പ്രധാന കക്ഷികൾക്ക് ഉണ്ടെങ്കിലും പാർലമെന്റ് തിരഞ്ഞെടുപ്പിലേക്ക് ചില നീക്കുപോക്കിന് കോൺഗ്രസും തയാറാവേണ്ടതുണ്ടെന്ന ആവശ്യമായിരിക്കും മറ്റു പ്രതിപക്ഷ കക്ഷികളുടെ ഭാഗത്തു നിന്നും ഉരുത്തിരിഞ്ഞു വരിക.

Leave a Reply

Your email address will not be published. Required fields are marked *