ന്യൂഡൽഹി: ലോകത്തെ മൂന്നാമത്തെ സാമ്പത്തിക ശക്തിയായി ഇന്ത്യ ഉടൻ മാറുമെന്ന് വേൾഡ് ഇക്കണോമിക് ഫോറം പ്രസിഡന്റ് ബോർഗെ ബ്രാൻഡ്. ജി20 ഉച്ചകോടിയുടെ ഭാഗമായി ന്യൂഡൽഹിയിൽ നടന്ന ബി20 യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോവിഡ് പാൻഡെമിക് മൂലമുണ്ടായ പ്രതിസന്ധിക്ക് ശേഷം ആഗോള വളർച്ച മന്ദഗതിയിലായ ഈ കാലഘട്ടത്തിൽ തുടർച്ചയായി മൂന്ന് വർഷമായി ഏറ്റവും വേഗത്തിൽ വളരുന്ന സമ്പദ്‌വ്യവസ്ഥയാണ് ഇന്ത്യയെന്നും അദ്ദേഹം പ്രസ്താവിച്ചു.
2014ൽ നരേന്ദ്ര മോദി പ്രധാനമന്ത്രിയായി അധികാരത്തിലേറുമ്പോൾ ഇന്ത്യ ലോകത്തെ പത്താമത്തെ സമ്പദ്‌വ്യവസ്ഥ ആയിരുന്നു. 2022-ൽ യുകെയെ പിന്തള്ളി ഇന്ത്യ അഞ്ചാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി മാറി.
10 വർഷത്തിനുള്ളിൽ തന്നെ 10 ട്രില്യൺ ഡോളർ സമ്പദ്‌വ്യവസ്ഥ കൈവരിക്കാൻ ഇന്ത്യക്ക് കഴിയും. ഏതാനും വർഷങ്ങൾക്കുള്ളിൽ തന്നെ ജർമ്മനിയെയും ജപ്പാനെയും കടത്തിവെട്ടുന്ന സമ്പദ്‌വ്യവസ്ഥയായി ഇന്ത്യ മാറുമെന്നും വേൾഡ് എക്കണോമിക് ഫോറം പ്രസിഡന്റ് വ്യക്തമാക്കി.
ഇപ്പോൾ ഇന്ത്യയിൽ നടന്നുകൊണ്ടിരിക്കുന്ന പരിഷ്‌കാരങ്ങൾ തുടരുകയും മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങൾ നിർമ്മിക്കുകയും വിദ്യാഭ്യാസത്തിൽ നിക്ഷേപം നടത്തുകയും ചെയ്യേണ്ടത് ഇന്ത്യയെ സംബന്ധിച്ച് പ്രധാനമാണെന്നും ബ്രെൻഡെ കൂട്ടിച്ചേർത്തു.