ന്യൂഡൽഹി: സമുദ്രസുരക്ഷ ശക്തമാക്കാൻ കേന്ദ്രം. മുംബൈ ആസ്ഥാനമായുള്ള മസ്ഗാവ് ഡോക്ക് ഷിപ്പ് ബിൽഡേഴ്‌സ് ലിമിറ്റഡുമായി (എംഡിഎൽ) പ്രതിരോധ മന്ത്രാലയം 1,070 കോടി രൂപയുടെ കരാറിൽ ഒപ്പുവച്ചു.
ഇന്ത്യൻ കോസ്റ്റ് ഗാർഡിനായി എംഡിഎൽ ഫാസ്റ്റ് പട്രോൾ വെസലുകൾ (എഫ്പിവി) നിർമ്മിക്കും. 14 എഫ്പിവികൾ സമുദ്രമേഖലയിൽ കോസ്റ്റ് ഗാർഡിനെ ശക്തിപ്പെടുത്തും.
ആത്മനിർഭർ ഭാരതിന്റെ ഭാഗമായി തദ്ദേശീയമായി രൂപകൽപ്പന ചെയ്യുകയും നിർമ്മിക്കുകയും ചെയ്യുന്ന എഫ്‌പിവികൾ 63 മാസത്തിനുള്ളിൽ കോസ്റ്റ് ഗാർഡിന് കൈമാറുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
എഫ്‌പിവികളിൽ വിവിധ ആവശ്യങ്ങൾക്കായുള്ള ഡ്രോണുകൾ, വയർലെസ് റിമോട്ട് വാട്ടർ റെസ്‌ക്യൂ ക്രാഫ്റ്റ്, വ്യത്യസ്ത ഭീഷണികളെ നേരിടാൻ എഐ അടിസ്ഥാനമാക്കിയുള്ള സംവിധാനങ്ങൾ എന്നിവ ഉൾപ്പെടും.
കള്ളക്കടത്തും കടൽക്കൊള്ളയും നിയന്ത്രിക്കുന്നതിനും ശക്തമായ നിരീക്ഷണത്തിനും ഇത് സഹായിക്കും. ആഴം കുറഞ്ഞ പ്രദേശങ്ങളിൽ തിരച്ചിൽ നടത്താനും മലിനീകരണം നിരീക്ഷിക്കാനും പ്രത്യേക സംവിധാനവും ഇതിലുണ്ടാകുമെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു.
പ്രതിരോധ രംഗത്തെ സ്വാശ്രയത്വമാണ് സർക്കാരിന്റെ പ്രഥമ പരിഗണനയെന്നും പ്രതിരോധ മന്ത്രാലയത്തിന്റെ പ്രസ്താവനയില്‍ പറയുന്നു. ഇതിനായി കഴിഞ്ഞ മൂന്ന് വർഷത്തിനിടെ 509 പ്രതിരോധ വസ്തുക്കള്‍ക്കാണ് നിരോധനമേർപ്പെടുത്തിയത്.