ചെന്നൈ: ബിജെപി വിരുദ്ധ വോട്ടുകൾ ഭിന്നിക്കാതിരിക്കാൻ നേതാക്കളോട് ആവശ്യപ്പെട്ട് തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ. ബിജെപിയെ അധികാരത്തിൽ നിന്ന് പുറത്താക്കുകയാണ് എല്ലാവരുടെയും ലക്ഷ്യമെന്നും തിരുച്ചിറപ്പള്ളിയിൽ നടന്ന പരിപാടിയിൽ സ്റ്റാലിൻ പറഞ്ഞു.
“എല്ലാവർക്കും ഒരേയൊരു ലക്ഷ്യം മാത്രമേ ഉള്ളൂ- ബിജെപിയെ വീണ്ടും അധികാരത്തിൽ വരാൻ അനുവദിക്കരുത്. ബിജെപിക്കെതിരായ വോട്ടുകൾ ഭിന്നിക്കരുത്. ബിജെപി വീണ്ടും അധികാരത്തിൽ വന്നാൽ രാജ്യത്ത് ജനാധിപത്യവും ഫെഡറലിസവും ഉണ്ടാകില്ല,” അദ്ദേഹം പറഞ്ഞു.
ബീഹാർ, ബംഗാള്‍, പഞ്ചാബ് സംസ്ഥാനങ്ങളുമായി ബന്ധപ്പെട്ട് ഇന്ത്യാ മുന്നണിയില്‍ പ്രശ്നങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് സ്റ്റാലിന്റെ ആഹ്വാനം.വരാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് ഒറ്റയ്ക്ക് മത്സരിക്കുമെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പ്രഖ്യാപിച്ചത് പ്രതിപക്ഷ മുന്നണിക്ക് വലിയ തിരിച്ചടിയായിരിക്കുകയാണ്.
അതേ സമയം പഞ്ചാബിലും ഹരിയാനയിലും ഒറ്റയ്ക്ക് മത്സരിക്കുമെന്ന് പ്രഖ്യാപിച്ച് ആം ആദ്മി പാർട്ടി കോൺഗ്രസിനെ ഞെട്ടിച്ചു. സഖ്യത്തില്‍ വിള്ളലുണ്ടാവാതിരിക്കാൻ രാഹുലും ഇടപെടുമെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ പറഞ്ഞു.
ബീഹാറില്‍ നിതീഷ് കുമാർ ഇന്ത്യ മുന്നണി വിട്ട് എൻ.ഡി.എയുമായി കൈകോർത്ത് സർക്കാർ രൂപീകരിക്കുമോ എന്നതില്‍ സസ്പെൻസ് തുടരുകയാണ്.