സ്വാതന്ത്ര്യദിനാഘോഷം: മുഖ്യമന്ത്രി രാവിലെ ഒന്‍പതിനു പതാക ഉയര്‍ത്തും

Breaking Kerala

തിരുവനന്തപുരം: സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി തിരുവനന്തപുരം സെൻട്രല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ചടങ്ങില്‍ രാവിലെ ഒൻപതിനു മുഖ്യമന്ത്രി പിണറായി വിജയൻ പതാക ഉയര്‍ത്തും.വിവിധ സേനാവിഭാഗങ്ങള്‍, സൈനിക് സ്‌കൂള്‍, സ്റ്റുഡന്‍റസ് പോലീസ് കേഡറ്റ്സ്, അശ്വാരൂഡ പോലീസ്, എൻസിസി, സ്‌കൗട്ട്സ് ആൻഡ് ഗൈഡ്സ് തുടങ്ങിയവര്‍ അണിനിരക്കുന്ന പരേഡ് നടക്കും. മുഖ്യമന്ത്രി സ്വാതന്ത്ര്യദിന സന്ദേശം നല്‍കും. ജീവൻരക്ഷാ പതക്കങ്ങളും വിവിധ സേനാവിഭാഗങ്ങള്‍ക്കുള്ള രാഷ്ട്രപതിയുടെ മെഡലുകളും വിതരണം ചെയ്യും. വിദ്യാര്‍ഥികളുടെ ദേശഭക്തി ഗാനാലാപനവും നടക്കും. സംസ്ഥാന സര്‍ക്കാര്‍ ഓഫീസുകള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, സ്വയംഭരണ സ്ഥാപനങ്ങള്‍, സര്‍വകലാശാലകള്‍, കോളജുകള്‍, സ്‌കൂളുകള്‍, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവയിലെ എല്ലാ ഉദ്യോഗസ്ഥരും ജീവനക്കാരും സ്വാതന്ത്ര്യദിനാഘോഷ ചടങ്ങുകളില്‍ പങ്കെടുക്കണമെന്ന് നിര്‍ദ്ദേശിച്ച്‌ പൊതുഭരണ വകുപ്പ് പരിപത്രമിറക്കി. ജില്ലാ ആസ്ഥാനങ്ങളില്‍ മന്ത്രിമാര്‍ ദേശീയ പതാക ഉയര്‍ത്തും. ചടങ്ങുകള്‍ രാവിലെ ഒൻപതിനോ അതിനുശേഷമോ നടക്കും. സബ് ഡിവിഷൻ, ബ്ലോക്ക് തലം, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലും രാവിലെ ഒൻപതിനോ അതിനുശേഷമോ ആണ് പതാക ഉയത്തുന്നത്. ഓഫീസുകള്‍, വിദ്യാലയങ്ങള്‍, ആരോഗ്യസ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ ദേശീയ ഗാനാലാപനത്തോടൊപ്പം സ്ഥാപന മേധാവി ദേശീയ പതാക ഉയര്‍ത്തും. ദേശീയ പതാക ഉയര്‍ത്തുമ്ബോള്‍ 2002ലെ പതാക നിയമത്തിലെ വ്യവസ്ഥകള്‍ കര്‍ശനമായി പാലിക്കണം. ദേശീയ ഗാനം ആലപിക്കുമ്ബോള്‍ എല്ലാവരും എഴുന്നേറ്റ് നില്‍ക്കണം. പ്ലാസ്റ്റിക്ക് ദേശീയ പതാകകളുടെ നിര്‍മാണം, വിതരണം, വില്‍പന, ഉപയോഗം എന്നിവ നിരോധിച്ചിട്ടുണ്ട്. ആഘോഷ പരിപാടികളില്‍ ഹരിത പ്രോട്ടോകോള്‍ പാലിക്കണം.

Leave a Reply

Your email address will not be published. Required fields are marked *