ഡല്‍ഹി: രാജ്യത്തെ നാലു സംസ്ഥാനങ്ങളില്‍ വ്യാപക റെയ്ഡുമായി ഇന്‍കം ടാക്‌സ് ഡിപ്പാര്‍ട്ട്‌മെന്റ്. കര്‍ണാടക, ആന്ധ്രാപ്രദേശ്, തെലങ്കാന, ന്യൂഡല്‍ഹി എന്നിവിടങ്ങളിലെ സര്‍ക്കാര്‍ കരാറുകാര്‍ക്കും റിയല്‍ എസ്റ്റേറ്റ് ഡെവലപ്പര്‍മാര്‍ക്കും അവരുടെ കൂട്ടാളികള്‍ക്കും എതിരെ നടത്തിയ റെയ്ഡില്‍ 94 കോടി രൂപയും 8 കോടി രൂപയുടെ സ്വര്‍ണം, വജ്രാഭരണങ്ങള്‍, 30 ആഡംബര റിസ്റ്റ് വാച്ചുകള്‍ എന്നിവയും ആദായ നികുതി വകുപ്പ് പിടിച്ചെടുത്തു. ഒക്ടോബര്‍ 12ന് 55 ഓളം സ്ഥലങ്ങളില്‍ നികുതി വകുപ്പ് പരിശോധന നടത്തിയിരുന്നു.
ഈ കാലയളവില്‍ ബംഗളൂരു, അയല്‍ സംസ്ഥാനങ്ങളായ തെലങ്കാന, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിലെ ചില നഗരങ്ങളിലും ഡല്‍ഹിയിലുമായി 55 സ്ഥലങ്ങളില്‍ വകുപ്പ് റെയ്ഡ് നടത്തുകയായിരുന്നു. മൊത്തം 102 കോടിയിലധികം രൂപ പിടിച്ചെടുത്തു
പരിശോധനയില്‍ കണക്കില്‍പ്പെടാത്ത 94 കോടി രൂപയും എട്ട് കോടിയിലധികം വിലമതിക്കുന്ന സ്വര്‍ണവും വജ്രാഭരണങ്ങളും പിടിച്ചെടുത്തതായി എസ്ബിഡിടി പ്രസ്താവനയില്‍ പറഞ്ഞു. കൂടാതെ, ഒരു സ്വകാര്യ കമ്പനി ജീവനക്കാരനില്‍ നിന്ന് 30 ഓളം ആഡംബര വിദേശ റിസ്റ്റ് വാച്ചുകളുടെ ശേഖരം കണ്ടെടുത്തു. എന്നാല്‍ ഈ പ്രതിയുടെ ഐഡന്റിറ്റി വെളിപ്പെടുത്തിയിട്ടില്ല.
കണക്കില്‍പ്പെടാത്ത പണം കണ്ടെടുത്തതിന് പിന്നാലെ കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ വാക്പോരുണ്ടായി. പിടികൂടിയ പണത്തിന് കോണ്‍ഗ്രസുമായി ബന്ധമുണ്ടെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ നളിന്‍ കുമാര്‍ കട്ടീല്‍ ആരോപിച്ചു. അതേസമയം, ഈ ആരോപണം അടിസ്ഥാനരഹിതമാണെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു.
രേഖകളുടെ ഹാര്‍ഡ് കോപ്പികളും ഡിജിറ്റല്‍ ഡാറ്റയും റെയ്ഡിനിടെ പിടിച്ചെടുത്തിട്ടുണ്ട്. പ്രതികള്‍ നികുതി വെട്ടിപ്പ് മാത്രമല്ല, വ്യാജ പര്‍ച്ചേസുകള്‍ ഉപയോഗിച്ച് ചെലവുകള്‍ പെരുപ്പിച്ച് കാണിച്ചെന്നും കണ്ടെത്തി. റെയ്ഡിനിടെ ഗുഡ്സ് റസീപ്റ്റ് നോട്ട് (ജിആര്‍എന്‍) പരിശോധനയില്‍ പൊരുത്തക്കേടുകളും പല രേഖകളിലും ക്രമക്കേടും കണ്ടെത്തി. കഴിഞ്ഞ മെയ് മാസത്തിലും കര്‍ണ്ണാടകയില്‍ ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തിയിരുന്നു. മരത്തില്‍ നിന്ന് വരെ പണം കണ്ടെത്തിയിരുന്നു.