ട്രെയിനുകൾക്ക് നേരെ കല്ലേറ്; 50 പേർ കസ്റ്റഡിയിൽ

Breaking Kerala

കാഞ്ഞങ്ങാട്: ട്രെയിനുകൾക്ക് നേരെ കല്ലെറിഞ്ഞ സംഭവത്തിൽ 50 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. സംശയാസ്പദമായ രീതിയിൽ ട്രാക്കുകൾക്ക് സമീപം കണ്ടെത്തിയ 50 പേരെയാണ് കസ്റ്റഡിയിലെടുത്തത്. കസ്റ്റഡിയിലെടുത്തവരെ ഹോസ്ദുർഗ് പൊലീസ് ചോദ്യം ചെയ്ത് വരികയാണ്. നിരന്തരമായ ട്രെയിൻ ആക്രമണങ്ങളെ തുടർന്ന് കാസർകോട് ജില്ലയിൽ പൊലീസ് പരിശോധന ശക്തമാക്കി. റെയിൽവേ ട്രാക്കിന് സമീപമുള്ള വീടുകൾ കേന്ദ്രീകരിച്ച് നിരീക്ഷണം നടത്താനാണ് പൊലീസിന്റെ നീക്കം. തീവണ്ടികളിൽ കൂടുതൽ പൊലീസിനെ വിന്യസിച്ചും നിരീക്ഷണം ശക്തമാക്കും.

കഴിഞ്ഞ ദിവസം മണിക്കൂറുകളുടെ വ്യത്യാസത്തിലാണ് രണ്ടു ട്രെയിനുകൾക്ക് നേരെ കല്ലേറുണ്ടായത്. കാഞ്ഞങ്ങാട് വെച്ച് രാജധാനി എക്സ്പ്രസിന് നേരെയും മലപ്പുറത്ത് വന്ദേഭാരത് എക്‌സ്പ്രസിന് നേരെയുമാണ് കല്ലേറുണ്ടായത്. ഉച്ചയ്ക്ക് 3.45 ഓടെയാണ് രാജധാനി എക്സ്പ്രസിന് നേരെ കല്ലേറുണ്ടായത്. തിരുവനന്തപുരത്തേക്ക് പോകുകയായിരുന്നു രാജധാനി എക്‌സ്പ്രസ്. സംഭവത്തിൽ ട്രെയിനിന്റെ എസി കോച്ചിന്റെ ഗ്ലാസുകള്‍ പൊട്ടി. മലപ്പുറം താനൂരിനും പരപ്പനങ്ങാടിക്കും ഇടയിൽ വെച്ചാണ് വന്ദേഭാരത് എക്‌സ്പ്രസിന് നേരെ കല്ലേറുണ്ടായത്. തിരുവനന്തപുരത്തേക്ക് പോയ ട്രെയിനിന് നേരെയാണ് കല്ലേറുണ്ടായത്.

Leave a Reply

Your email address will not be published. Required fields are marked *