ഭോപ്പാൽ: നിപയില്ലെന്ന സർട്ടിഫിക്കറ്റ് ഹാജരാക്കാൻ മലയാളി വിദ്യാർഥികളോട് ആവശ്യപ്പെട്ട് മധ്യപ്രദേശിലെ ഇന്ദിര ഗാന്ധി നാഷണൽ ട്രൈബൽ സർവകലാശാല. ക്യാമ്പസിലേക്ക് പ്രവേശിക്കണമെങ്കിൽ മലയാളി വിദ്യാർഥികൾ നിപ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്നാണ് നിർദേശം. സർവകലാശാലയിൽ നടക്കുന്ന യുജി, പിജി ഓപ്പൺ കൗൺസിലിംഗിന് എത്തിയ വിദ്യാർഥികളാണ് ദുരിതത്തിലായത്.
15ലധികം വിദ്യാര്‍ത്ഥികളാണ് ഓപ്പൺ കൗൺസിലിംഗിനായി എത്തിയിരുന്നത്. അതേസമയം, നടപടി പ്രതിഷേധാർഹമാണെന്ന് വി ശിവദാസൻ എംപി പ്രതികരിച്ചു. രോഗത്തിന്റെയോ പ്രതിരോധ പ്രവർത്തനത്തിന്റെയോ പേര് പറഞ്ഞ് അടിസ്ഥാന മനുഷ്യാവകാശങ്ങൾ നിഷേധിക്കാൻ പാടില്ല. മലയാളി വിദ്യാർഥികൾക്ക് പ്രവേശനം നിഷേധിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണിതെന്നും അദ്ദേഹം ആരോപിച്ചു.