രാജകുമാരി: ഇടുക്കിയില്‍ വീണ്ടും തെരുവ് നായയുടെ ആക്രമണം.ഇടുക്കി രാജകുമാരിയില്‍ ആണ് തെരുവ് നായ മൂന്ന് പേരെ ആക്രമിച്ചത്. ഉടുമ്ബന്‍ചോല രാമനാഥന്‍ ഇല്ലം വീട്ടില്‍ ദര്‍ശന്‍ (11), കുളപ്പാറച്ചാല്‍ തേവര്‍കാട്ട് കുര്യന്‍(68), രാജകുമാരി അറയ്ക്കക്കുടിയില്‍ ജെയിംസ് മാത്യു (52) എന്നിവര്‍ക്കാണ് തെരുവുനായയുടെ കടിയേറ്റത്.
ഉടുമ്ബന്‍ചോല സ്വദേശി ദര്‍ശനെ രാവിലെ 9 മണിയോടുകൂടി രാജകുമാരി ടൗണില്‍ വച്ചും, കുര്യനെ 11 മണിയോടെ രാജകുമാരി പള്ളിയുടെ സമീപത്ത് വച്ചും, ജെയിംസിനെ 11.30 ഓടെ വീട്ടുമുറ്റത്ത് വച്ചുമാണ് തെരുവുനായ ആക്രമിച്ചത്. വെളുത്ത നിറമുള്ള ഒരു തെരുവുനായയാണ് തങ്ങളെ ആക്രമിച്ചതെന്നാണ് മൂവരും പറഞ്ഞത്. മൂവരേയും രാജകുമാരി കുടുംബാരോഗ്യ കേന്ദ്രത്തിലെത്തിച്ച് പ്രഥമ ശുശ്രൂഷയും,ഐ ഡി.ആര്‍.ബി വാക്‌സിനും നല്‍കി. ഇമ്മ്യൂണോ ഗ്ലോബലൈന്‍ വാക്‌സിന്‍ നല്‍കുന്നതിനായി നെടുങ്കണ്ടം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.