ഇടുക്കിയിൽ പെയ്ത ശക്തമായ മഴയിൽ വ്യാപക നാശനഷ്ടം. ചേരിയാറിൽ വീടിനു മുകളിൽ മണ്ണിടിഞ്ഞു വീണ് ഒരാൾ മരിച്ചു. തങ്കപ്പൻപാറ സ്വദേശി റോയ് ആണ് മരിച്ചത്. ശാന്തൻപാറ പേത്തൊട്ടിയിൽ ഉരുൾപൊട്ടി നിരവധി വീടുകൾക്ക് നാശനഷ്ടമുണ്ടായി. ഏക്കർ കണക്കിന് കൃഷിയിടം ഒലിച്ചുപോയി. ഉരുൾപൊട്ടലിൽ കച്ചറയിൽ മിനിയുടെ വീടിന് കേടുപാടുകൾ സംഭവിച്ചു.
വീട്ടിലുണ്ടായിരുന്നവരെ നാട്ടുകാർ സുരക്ഷിത സ്ഥലത്തേക്ക് മാറ്റി. രാത്രി ഒമ്പതിനാണ് മിനിയുടെ വീടിനകത്തേക്ക് മലവെള്ളപ്പാച്ചിൽ എത്തിയത്. മുറ്റത്ത് നിർത്തിയിട്ടിരുന്ന സ്കൂട്ടറും മലവെള്ളപ്പാച്ചിലിൽപെട്ടു. ദളം ഭാഗം പൂർണമായി ഒറ്റപ്പെട്ടു. റോഡ് ഗതാഗതവും വൈദ്യുത ബന്ധവും നിലച്ചു.