അടുത്ത വർഷത്തെ ഐസിസി പുരുഷ ചാമ്പ്യന്‍സ് ട്രോഫി പാക്കിസ്ഥാനിലും പുറത്തെ നിഷ്പക്ഷ വേദിയിലുമായി നടക്കും. 2024-2027 കാലയളവിൽ ഇന്ത്യയോ പാക്കിസ്ഥാനോ ആതിഥേയത്വം വഹിക്കുന്ന ടൂർണമെൻ്റുകളിൽ ഇരുരാജ്യങ്ങളുടേയും മത്സരങ്ങള്‍ മറ്റൊരു രാജ്യത്ത് നടക്കുമെന്ന് ഐസിസി ബോര്‍ഡ് അറിയിച്ചു.
2025 ഫെബ്രുവരിയിലും മാര്‍ച്ചിലും നടക്കാനിരിക്കുന്ന ഐസിസി പുരുഷ ചാമ്പ്യന്‍സ് ട്രോഫി (പാക്കിസ്ഥാന്‍ ആതിഥേയത്വം വഹിക്കുന്നത്), ഐസിസി വനിതാ ക്രിക്കറ്റ് ലോകകപ്പ് 2025 (ഇന്ത്യ ആതിഥേയത്വം വഹിക്കുന്നത്), 2026 ഐസിസി പുരുഷ ടി20 ലോകകപ്പ് (ഇന്ത്യയും ശ്രീലങ്കയും ആതിഥേയത്വം വഹിക്കുന്നത്) എന്നിവയ്ക്ക് ഇത് ബാധകമാകും.
2028 ലെ ഐസിസി വനിതാ ടി 20 ലോകകപ്പിന്റെ ആതിഥേയ അവകാശം പിസിബിക്ക് ലഭിച്ചതായും ഐസിസി പ്രഖ്യാപിച്ചു. ഇതിലും ന്യൂട്രല്‍ വേദി ക്രമീകരണങ്ങൾ ബാധകമാകും. 2029- 2031 കാലയളവിലെ സീനിയര്‍ ഐസിസി വനിതാ ഇവന്റുകളില്‍ ഒന്ന് ഓസ്ട്രേലിയ ആതിഥേയത്വം വഹിക്കാൻ ഒരുങ്ങുന്നുണ്ട്. 2025 ലെ ഐസിസി ചാമ്പ്യന്‍സ് ട്രോഫിയുടെ ഷെഡ്യൂള്‍ ഉടന്‍ പ്രസിദ്ധീകരിക്കും. ആതിഥേയരായ പാക്കിസ്ഥാനോടൊപ്പം അഫ്ഗാനിസ്ഥാന്‍, ഓസ്ട്രേലിയ, ബംഗ്ലാദേശ്, ഇംഗ്ലണ്ട്, ഇന്ത്യ, ന്യൂസിലാന്‍ഡ്, ദക്ഷിണാഫ്രിക്ക എന്നീ എട്ട് ടീമുകള്‍ പങ്കെടുക്കും.