മൊബൈൽ ലോകത്ത് ആപ്പിൾ സ്മാർട്ട് ഫോൺ ഒന്നാം സ്ഥാനത്തെത്തുമെന്ന് റിപ്പോർട്ട്. ഐഫോൺ 15 സീരീസ് വിപണിയിൽ ഇറങ്ങുന്നതോടെ മുൻനിര സ്ഥാനത്ത് നിന്ന് സാംസങ്ങിനെ പുറത്താക്കാൻ ആപ്പിളിന് കഴിയുമെന്നാണ് റിപ്പോർട്ട് പറയുന്നത്. സാംസങ് നിറം മങ്ങുന്നതോടെ ആഗോള വിപണി കൈക്കുമ്പിളിൽ ഒതുക്കാനാണ് ആപ്പിൾ ശ്രമിക്കുക. ഐഫോൺ 15 സീരീസ് ഈ മാസം ഇന്ത്യയടക്കം രാജ്യങ്ങളിൽ പുറത്തിറങ്ങുമെന്നാണ് സൂചന.
മാർക്കറ്റ് ഇന്റലിജൻസ് കമ്പനിയായ ട്രെൻഡ്ഫോഴ്സാണ് ഇതു സംബന്ധിച്ച റിപ്പോർട്ട് പുറത്തുവിട്ടത്. സാംസങ് 53.9 ദശലക്ഷം യൂനിറ്റുകൾ 2023 ലെ രണ്ടാം പാദത്തിൽ വിതരണം ചെയ്ത് റാങ്കിങ്ങിൽ മുന്നിൽ നിന്നിരുന്നു. എന്നാൽ, ആപ്പിൾ 42 ദശലക്ഷം യൂനിറ്റുകൾ മാത്രമാണ് വിറ്റഴിച്ചത്. ഉത്പാദനം കുറവായതാണ് കാരണം.
ഇന്ത്യൻ വിപണിയിലെ സാമ്പത്തിക സൂചകങ്ങൾ മെച്ചപ്പെട്ടാലും, സ്‌മാർട്ട്‌ഫോൺ ഉൽപാദനത്തിലെ ആഗോള ഇടിവ് മാറാൻ ബുദ്ധിമുട്ടാണെന്നും റിപ്പോർട്ട് കൂട്ടിച്ചേർത്തു. മാത്രമല്ല, മോശം ആഗോള സാമ്പത്തിക സാഹചര്യങ്ങൾ കാരണം സ്മാർട്ട്ഫോൺ വിപണി ഈ വർഷം തന്നെ മറ്റൊരു മാറ്റത്തിന് വിധേയമാകുമെന്നും അതിന്റെ ഫലമായി ഉൽപാദനം കുറയുമെന്നും ഗവേഷകർ പ്രവചിക്കുന്നു.