കോട്ടയം : ശബരിമല ഗ്രീൻഫീൽഡ് വിമാനത്താവളത്തിനായി സ്ഥലം വിട്ടുകൊടുക്കേണ്ടി വരുന്നവർക്ക് അർഹമായ പുനരധിവാസം ഉറപ്പാക്കുമെന്ന് സർക്കാർ മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു.
വിമാനത്താവളം നിർമ്മാണം സർക്കാരിന്റെ നയപരമായ കാര്യമായതിനാൽ സ്ഥലം ഏറ്റെടുപ്പുമായി ബന്ധപ്പെട്ട വിഷയത്തിൽ ഇടപെടാൻ കഴിയില്ലെന്ന് കമ്മീഷൻ ആക്റ്റിങ് ചെയർപേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ. ബൈജൂ നാഥ് ഉത്തരവിൽ പറഞ്ഞു.
സ്ഥലം വിട്ടുകൊടുക്കുന്നവരുടെ പുനസ്ഥാപനത്തിനായി പ്രത്യേക സ്കീം പ്രഖ്യാപിക്കും. പദ്ധതിയോട് അനുബന്ധിച്ച് ഉയർന്നുവരുന്ന സാധ്യതകൾ കൂടി പ്രയോജനപ്പെടുത്തി വരുമാന വർധനവ് ഉറപ്പാക്കി ജീവിത നിലവാരം ഉയർത്താൻ കഴിയും. പ്രദേശത്തിന്റെ സമഗ്ര വികസനത്തിനുള്ള പദ്ധതികൾ ആവിഷ്ക്കരിക്കുമെന്നും ഗതാഗത സെക്രട്ടറി കമ്മീഷനെ അറിയിച്ചു.
വലിയ വിമാനങ്ങൾക്ക് കൂടി ഉപയോഗിക്കാൻ കഴിയുന്ന റൺവേ ആവശ്യമായി വന്നതിനാലാണ് എസ്റേറ്റിന് പുറത്ത് റൺവേ നിർമ്മിക്കാൻ സ്ഥലം ഏറ്റെടുക്കേണ്ടി വന്നതെന്ന് സർക്കാർ അറിയിച്ചു.റൺവേ ഒഴിച്ച് ബാക്കിയെല്ലാം ചെറുവള്ളി എസ്റേറ്റിന് ഉള്ളിൽ തന്നെ വിഭാവനം ചെയ്തിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. അതിനാൽ ആശങ്കക്ക് വകയില്ല.
കോട്ടയം ജില്ലാ കളക്ടർ സമർപ്പിച്ച റിപ്പോർട്ടിൽ നിർദ്ദിഷ്ട വിമാനത്താവളത്തിന്റെ ഭൂമി ഏറ്റെടുക്കൽ നടപടികൾ സർക്കാർ തലത്തിലാണ് തീരുമാനിച്ചതെന്ന് പറയുന്നു.
സാധാരണ കർഷകരെ കുടിയൊഴുപ്പിക്കലിൽ നിന്നും ഒഴിവാക്കണമെന്നും എസ്റ്റേറ്റിന് അനുബന്ധമായ സ്ഥലങ്ങളിൽ നിന്നുമാത്രം ഭൂമി ഏറെടുക്കണമെന്നും ആവശ്യപ്പെട്ട് എരുമേലി പുൽപ്പേൽ ജയിംസ് സെബാസ്റ്റ്യൻ സമർപ്പിച്ച പരാതിയിലാണ് നടപടി.