കടുത്തുരുത്തി: അഞ്ച് മാസത്തിനുള്ളിൽ 500 ഡയാലിസുകൾ നടത്തി ജനസേവനത്തിൽ മാതൃകയായ ഉഴവൂർ കെ ആർ നാരായണൻ സ്മാരക സ്‌പെഷ്യാലിറ്റി ആശുപത്രിയ്ക്ക് ആദരവുമായി ആശുപത്രി നിയന്ത്രണാധികാരികളായ ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത്. 1.40 കോടി രൂപ ചെലവഴിച്ച് ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിലാണ് ഡയാലിസിസ് യൂണിറ്റ് യാഥാർത്ഥ്യമാക്കിയത്. നെഫ്രോളജിസ്റ്റ് ഡോ. നയന വിജയിയുടെ നേതൃത്വത്തിൽ മൂന്നു ടെക്‌നീഷ്യൻമാരും രണ്ട് നേഴ്‌സുമാരുമടങ്ങുന്ന ടീമാണ് ഡയാലിസിസിന് നേതൃത്വം നൽകി നാടിനും ആശുപത്രിക്കും നേട്ടമായത്. ആശുപത്രി സൂപ്രണ്ട് ഇൻ ചാർജ് ഡോ. വി.ആർ രാജേഷ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നു.”ഈ സാമ്പത്തിക വർഷം ഡയാലിസിസ് യൂണിറ്റ് പ്രവർത്തനങ്ങൾക്ക് മരുന്നും ഉപകരണങ്ങളും വാങ്ങുന്നതിന് ബ്ലോക്ക് പഞ്ചായത്ത് 30 ലക്ഷം രൂപയും ടെക്‌നീഷ്യന്മാർക്ക് വേതനം നൽകുന്നതിനും അനുബന്ധ ചിലവുകൾക്കുമായി 10 ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ടെന്ന് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡോ.സിന്ധുമോൾ ജേക്കബ് പറഞ്ഞു.
ഡയാലിസിസ് യൂണിറ്റിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന നെഫ്‌റോളജിസ്റ്റ് ഡോ. നയന വിജയിയെയും ടീമംഗങ്ങളെയും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോൺസൺ പുളിക്കീൽ, വൈസ് പ്രസിഡന്റ് ഡോ. സിന്ധുമോൾ ജേക്കബ്, ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി. എൻ രാമചന്ദ്രൻ എന്നിവർ ആശുപത്രിയിലെത്തി ആദരിച്ചു.