കൊച്ചി: ആനക്കൊമ്പ് കൈവശം വച്ച കേസിൽ നടൻ മോഹൻലാലിനെതിരെയുള്ള തുടർനടപടികൾ സ്റ്റേ ചെയ്ത് ഹൈക്കോടതി. പെരുമ്പാവൂർ ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയിലെ നടപടികളാണ് ആറ് മാസത്തേക്ക് ഹൈക്കോടതി സിംഗിൾ ബെഞ്ച് സ്റ്റേ ചെയ്തത്. മോഹൻലാലിന് എതിരായ കേസ് അവസാനിപ്പിക്കാൻ അനുമതി തേടി പ്രോസിക്യൂഷൻ നൽകിയ അപേക്ഷ നേരത്തെ മജിസ്ട്രേറ്റ് കോടതി തളളിയിരുന്നു. ഇത് ചോദ്യം ചെയ്ത് മോഹൻലാൽ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
പ്രോസിക്യൂഷന് എതിരെ രൂക്ഷ വിമർശനം ഉയർത്തിയായിരുന്നു നേരത്തെ മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവ്. നടനെതിരായ കുറ്റം നിസാരമായി കാണാനാവില്ലെന്നും കേസ് പിൻവലിക്കുന്നത് രാജ്യതാൽപര്യത്തിന് എതിരാണെന്നുമായിരുന്നു വിമർശനം.
മോഹൻലാലിന്റെ കൊച്ചി തേവരയിലെ വീട്ടിൽ 2011 ഡിസംബർ 21-ന് ആദായനികുതി വകുപ്പ് നടത്തിയ പരിശോധനയിൽ 2 ജോഡി ആനക്കൊമ്പും ആനക്കൊമ്പിൽ തീർത്ത വിഗ്രഹങ്ങളും കണ്ടെടുത്തത്.