കൊച്ചി: ആചാരത്തിന്റെ ഭാഗമായ വെടിക്കെട്ട് നിരോധിക്കാനാവില്ലെന്ന് ഹൈക്കോടതി. തൃശ്ശൂര്‍ ആറാട്ടുപുഴ പൂരം, പാലക്കാട് കാവശ്ശേരിപൂരം എന്നിവയുടെ ഭാഗമായുള്ള വെടിക്കെട്ടിന് എഡിഎം അനുമതി നിഷേധിച്ചത് ചോദ്യം ചെയ്യുന്ന ഹര്‍ജിയില്‍ പുറപ്പെടുവിച്ച ഉത്തരവിലാണ് കോടതിയുടെ നിരീക്ഷണം.
എവിടെയെങ്കിലും അപകടം ഉണ്ടായതിന്റെ പേരില്‍ ഗതാഗതം നിയന്ത്രിക്കുന്നതിന് സമമാണ് ആചാരങ്ങളുടെ ഭാഗമായി ക്ഷേത്രങ്ങളില്‍ നടക്കുന്ന വെടിക്കെട്ട് നിരോധിക്കുന്നതെന്ന് ഹൈക്കോടതി പറഞ്ഞു.
എഡിഎംമാരുടെ ഉത്തരവുകള്‍ റദ്ദാക്കിയ ഹൈക്കോടതി കര്‍ശനമായ നിബന്ധനകളോടെ വെടിക്കെട്ടിന് അനുമതി നല്‍കാനും ഉത്തരവിട്ടു. ആറാട്ടുപുഴ ക്ഷേത്രോപദേശക സമിതിയും കാവശ്ശേരി പൂരം കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയുമാണ് ഹൈക്കോടതിയെ സമീപിച്ചത്.10 ഏക്കറോളം സ്ഥലം ഉള്ളതിനാല്‍ വെടിക്കെട്ട് സുരക്ഷിതമായി നടത്താനാകും എന്നാണ് കാവശ്ശേരി പൂരം കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി അറിയിച്ചത്.