രണ്ട് നദികളില്‍ വെള്ളപ്പൊക്ക മുന്നറിയിപ്പ് നല്‍കി കേന്ദ്ര ജല കമ്മീഷന്‍

Kerala

തിരുവനന്തപുരം:  തിരുവനന്തപുരത്ത് രണ്ട് നദികളില്‍ വെള്ളപ്പൊക്ക മുന്നറിയിപ്പ് നല്‍കി കേന്ദ്ര ജല കമ്മീഷന്‍. ജാഗ്രതാ പുലര്‍ത്തണം എന്നും കേന്ദ്ര ജല കമ്മീഷന്‍ അറിയിച്ചു. നെയ്യാര്‍ നദിയിലെ അരുവിപ്പുറം സ്റ്റേഷനില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ടും കരമന നദിയിലെ വെള്ളൈകടവ് സ്റ്റേഷനില്‍ മഞ്ഞ അലര്‍ട്ടും പ്രഖ്യാപിച്ചു.

തീരത്തോട് ചേര്‍ന്ന് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു. അതേസമയം  രണ്ടുദിവസമായി തലസ്ഥാനത്ത് പെയ്ത കനത്തമഴ ശമിച്ചു.

ശനിയാഴ്ച രാത്രി മുതല്‍ ആരംഭിച്ച മഴയില്‍ വെള്ളം കയറിയ ഭാഗങ്ങളില്‍ നിന്ന് വെള്ളം ഇറങ്ങി തുടങ്ങിയതായാണ് വിവരം. കരകവിഞ്ഞ് ഒഴുകിയ പാര്‍വതി പുത്തനാറില്‍ ജലനിരപ്പ് താഴ്ന്നു തുടങ്ങി. 

കനത്തമഴയിലും വെള്ളക്കെട്ടിലും അകപ്പെട്ടവര്‍ക്കായി 21 ദുരിതാശ്വാസ ക്യാമ്പുകളാണ് തിരുവനന്തപുരത്തു തുറന്നത്. ആയിരത്തോളം പേര്‍ ഈ ക്യാമ്പുകളിലേക്ക് മാറിയിരുന്നു.  ഇന്നലെ രാത്രിയോടെ മഴ ശമിച്ചതാണ് ആശ്വാസമായത്. അതേസമയം, തിരുവനന്തപുരം ജില്ലയില്‍ ഇന്നും കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ് നല്‍കുന്നത്. ജില്ലയില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 

മഴക്കെടുതിയെ തുടര്‍ന്ന് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ജില്ലയില്‍ ക്വാറി, മൈനിംഗ് പ്രവര്‍ത്തനങ്ങള്‍ നിരോധിച്ചു. ബീച്ചുകളില്‍ വിനോദ സഞ്ചാരത്തിനും നിരോധനം ഏര്‍പ്പെടുത്തിയതായി ജില്ലാ കലക്ടര്‍ അറിയിച്ചു. 

Leave a Reply

Your email address will not be published. Required fields are marked *