തിരുവനന്തപുരം: ശക്തമായ മഴയെ തുടര്‍ന്ന് ട്രെയിന്‍ സമയത്തില്‍ മാറ്റം വരുത്തി റെയില്‍വെ. തലസ്ഥാനം ദുരിത പെയ്ത്തിൽ മുങ്ങിയതോടെയാണ് ട്രയിൻ സമയം മാറിയത്. കൊച്ചുവേളിയിലെ പിറ്റ് ലൈനില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് ട്രെയിന്‍ നമ്പര്‍ 12625 തിരുവനന്തപുരം – ന്യൂഡല്‍ഹി കേരള എക്സ്പ്രസിന്റെ സമയത്തിലാണ് മാറ്റം വരുത്തിയിരിക്കുന്നതെന്ന് റെയില്‍വെ അറിയിച്ചിട്ടുണ്ട്.
ഞായറാഴ്ച ഉച്ചയ്ക്ക് 12.30ന് പുറപ്പെടേണ്ടിയിരുന്ന തിരുവനന്തപുരം – ന്യൂഡല്‍ഹി കേരള എക്സ്പ്രസ് ഏഴ് മണിക്കൂറും അഞ്ച് മിനിറ്റും വൈകുമെന്നാണ് അറിയിപ്പ്. റെയില്‍വെ നല്‍കിയ വിവരമനുസരിച്ച് വൈകുന്നേരം 7.35ന് ആയിരിക്കും കേരള എക്സ്പ്രസ് തിരുവനന്തപുരത്ത് നിന്ന് പുറപ്പെടുന്നത്. യാത്രക്കാര്‍ ട്രെയിന്‍ പുറപ്പെടുന്ന സമയം സംബന്ധിച്ച് റെയില്‍വെയുടെ അറിയിപ്പുകള്‍ ശ്രദ്ധിക്കണം.
അതേസമയം സംസ്ഥാനത്ത് ഇന്ന് ഉള്‍പ്പെടെ അടുത്ത അഞ്ചു ദിവസത്തേക്കുള്ള ഏറ്റവും പുതിയ മഴ മുന്നറിയിപ്പ് പുറത്തിറക്കി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. പുതുക്കിയ മഴ മുന്നറിയിപ്പ് പ്രകാരം ഇന്ന് 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കാസര്‍കോട്, കണ്ണൂര്‍ ജില്ലകളിലൊഴികെയുള്ള വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശ്ശൂര്‍, ഇടുക്കി, എറണാകുളം, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം എന്നീ 12 ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. ഒറ്റപ്പെട്ടതും ശക്തവുമായ മഴക്കുള്ള സാധ്യതയാണ് അധികൃതര്‍ അറിയിക്കുന്നത്.