കൊച്ചി: അത്യാഹിത ഘട്ടങ്ങളിൽ മനുഷ്യരുടെ ജീവൻ രക്ഷിക്കുന്നതിനുള്ള പ്രാഥമിക ശുശ്രൂഷാ മാർഗങ്ങളിൽ അവബോധം സൃഷ്ടിക്കുന്നതിനായി ആസ്റ്റർ മെഡ്സിറ്റി ആവിഷ്കരിച്ച “ബി ഫസ്റ്റ്” പദ്ധതി വിജയകരമായ രണ്ട് വർഷങ്ങൾ പൂർത്തിയാക്കി. പദ്ധതിയുടെ നാനൂറാമത് ബോധവത്കരണ ക്ലാസ് എറണാകുളത്തെ സെന്റ്. തെരേസാസ് കോളേജിൽ പ്രതിപക്ഷനേതാവ് ശ്രീ. വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്തു. ആസ്റ്റർ ഡിഎം ഹെൽത്ത്കെയറിന്റെ സേവന വിഭാഗമായ ആസ്റ്റർ വോളണ്ടിയേഴ്സ് സെന്റ് തെരേസാസ് കോളേജ് NSS യൂണിറ്റുമായി ചേർന്നാണ് പരിപാടി സംഘടിപ്പിച്ചത്. നാനൂറിലേറെ വിദ്യാർഥികൾ പങ്കെടുത്ത ക്ളാസിൽ, ഫസ്റ്റ് എയിഡ്, ബേസിക് ലൈഫ് സപ്പോർട്ട്, മറ്റ് അടിയന്തര വൈദ്യസഹായ നൈപുണ്യം എന്നീ വിഷയങ്ങളിൽ പരിശീലനം നൽകി.
ജീവൻ രക്ഷിക്കുക എന്ന ഏറ്റവും അടിസ്ഥാനപരമായ അറിവാണ് ആസ്റ്റർ മെഡ്സിറ്റി പ്രചരിപ്പിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു. അടിയന്തര ഘട്ടങ്ങളിൽ രോഗികളെ എങ്ങനെ സുരക്ഷിതമായി കൈകാര്യം ചെയ്യണമെന്ന് സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും ബോധവത്കരിക്കുന്ന രീതിയിലാണ് ബി ഫസ്റ്റ് പദ്ധതി നടപ്പിലാക്കുന്നത്. മറ്റുള്ളവർക്ക് ആരോഗ്യസംബന്ധമായ ഒരു പ്രശ്നമുണ്ടായാൽ മടിച്ചുനിൽക്കാതെ ഇടപെടാനും അവരെ സഹായിക്കാനുമുള്ള ഒരു സംസ്കാരം വളർത്തിയെടുക്കാൻ ഇത്തരം പദ്ധതികൾ സഹായിക്കുമെന്നും പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് ശ്രീ. വിഡി സതീശൻ പറഞ്ഞു.
2022ലെ സ്വാതന്ത്ര്യദിനത്തിലാണ് “ബി ഫസ്റ്റ്” പദ്ധതിക്ക് ആസ്റ്റർ മെഡ്സിറ്റി തുടക്കമിടുന്നത്. ഇതുവരെ കേരളത്തിലുടനീളം 30,000ലധികം ആളുകൾക്ക് പരിശീലനം നൽകിക്കഴിഞ്ഞു. കോളേജ് വിദ്യാർത്ഥികൾ, കോർപറേറ്റ് ജീവനക്കാർ, എൻ.ജി.ഒകൾ, കുടുംബശ്രീയിലെ അംഗങ്ങൾ, എൻസിസി കേഡറ്റുകൾ, പോലീസ് ഉദ്യോഗസ്ഥർ, ട്രാഫിക് പോലീസ് സേനയിലെ അംഗങ്ങൾ എന്നിവർ ഇതിലുൾപ്പെടുന്നു.
ആശുപത്രിയിലെത്തിക്കുന്നതിന് മുൻപേയുണ്ടാകുന്ന മരണങ്ങൾ പരമാവധി കുറയ്ക്കാനാണ് ആസ്റ്റർ മെഡ്സിറ്റി പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്. കണ്മുന്നിൽ ആരെങ്കിലും അപകടത്തിൽപ്പെടുകയോ കുഴഞ്ഞുവീഴുകയോ ചെയ്താൽ പേടിയോ മടിയോ കൂടാതെ എത്രയും വേഗം വേണ്ടത് ചെയ്യാനുള്ള പരിശീലനമാണ് പദ്ധതിയിലൂടെ നൽകുന്നത്. പ്രഥമശുശ്രൂഷയിൽ കൃത്യതയും അത് ചെയ്യാനുള്ള ആത്മവിശ്വാസവും വർധിപ്പിക്കുകയാണ് ലക്ഷ്യം. ഫസ്റ്റ് എയിഡ്, ബി.എൽ.എസ്, അഡ്വാൻസ്ഡ് കാർഡിയാക് ലൈഫ് സപ്പോർട്ട്, പീഡിയാട്രിക് അഡ്വാൻസ്ഡ് ലൈഫ് സപ്പോർട്ട് എന്നിവയിൽ വിദഗ്ധരായ ആസ്റ്ററിലെ ഡോക്ടർമാരാണ് ശില്പശാലകൾ നയിക്കുന്നത്. കുട്ടികൾ അപകടത്തിൽപ്പെടുമ്പോഴും ചെയ്യേണ്ട കാര്യങ്ങൾ ക്ലാസുകളിൽ വിശദമായി അവതരിപ്പിക്കാറുണ്ട്.
ഈ ഉദ്യമത്തിനായി നിസ്വാർത്ഥം മുന്നോട്ടുവന്ന ഡോക്ടർമാരോടും നേഴ്സുമാരോടും ആശുപത്രിജീവനക്കാരോടും സെന്റ്. തെരേസാസ് കോളേജിലെ മേഖലാ മേധാവിയും മാനേജരുമായ സിസ്റ്റർ ഡോ. വിനീത സി.എസ്.എസ്.ടി നന്ദി അറിയിച്ചു. രാവും പകലും നീളുന്ന അക്ഷീണപരിശ്രമത്തിലൂടെയാണ് മനുഷ്യകുലത്തിന്റെ നന്മയ്ക്കായുള്ള ഈ ചുവടുവയ്പ്പ് യാഥാർഥ്യമാകുന്നത്. കൃത്യമായ സ്ഥലത്ത്, കൃത്യമായ സമയത്ത് പ്രഥമശുശ്രൂഷ നൽകി ജീവൻ രക്ഷിക്കാനുള്ള ശ്രമമാണ് “ബി ഫസ്റ്റ്” നടത്തുന്നത്. അതിന്റെ ഭാഗമായി പ്രവർത്തിക്കുന്ന എല്ലാവരുടെയും സ്നേഹത്തിനും വൈദഗ്ധ്യത്തിനും അവർ രക്ഷിച്ച എണ്ണമറ്റ ജീവനുകൾക്കും സിസ്റ്റർ നന്ദി പറഞ്ഞു.
ബി ഫസ്റ്റ് പദ്ധതിയുടെ അടുത്ത ഘട്ടമായി റാപിഡ് റെസ്പോൺസ് ടീമുകളെ നിയമിക്കാനും ആസ്റ്റർ മെഡ്സിറ്റി അധികൃതർ തീരുമാനിച്ചിട്ടുണ്ട്. വിവിധ വിഭാഗങ്ങളിൽ നിന്നുള്ള പ്രത്യേക സംഘങ്ങളെയാകും നിയോഗിക്കുക. ഒരു ടീമിൽ കുറഞ്ഞത് 10 പേരെങ്കിലുമുണ്ടാകും. രോഗിയുടെ ആരോഗ്യനിലയിലുണ്ടാകുന്ന ചെറിയ ഏറ്റക്കുറച്ചിലുകൾ പോലും കൃത്യമായി മനസ്സിലാക്കാനും അതിനനുസരിച്ച് ദ്രുതഗതിയിൽ പ്രവർത്തിക്കാനും ഇവർക്ക് പരിശീലനം നൽകും. ശ്വാസസംബന്ധവും ഹൃദയസംബന്ധവുമായ രോഗങ്ങൾ അപ്രതീക്ഷിതമായി മൂർച്ഛിച്ചാൽ, ആശുപത്രിയിലെത്തുന്നതുവരെ രോഗിക്ക് ആവശ്യമായ പിന്തുണ റാപിഡ് റെസ്പോൺസ് ടീമുകൾ ഉറപ്പാക്കും. പ്രധാനപ്പെട്ട ജീവൻരക്ഷാ മാർഗങ്ങളിൽ ഇവർക്ക് പരിശീലനം നൽകും. ഓരോ ടീമംഗങ്ങളുടെയും പ്രദേശവാസികൾക്ക് ഇത്തരം കാര്യങ്ങൾ വിശദമാക്കി കൊടുക്കുന്നതിനുള്ള ചുമതലയും അവർക്കുണ്ടാവുമെന്ന് കൊച്ചിയിലെ ആസ്റ്റർ മെഡ്സിറ്റിയുടെ എമർജൻസി മെഡിസിൻ വിഭാഗത്തിലെ കൺസൾട്ടന്റ് ഡോ. ജോൺസൻ കെ വർഗീസ് പറഞ്ഞു. ഇതിനാവശ്യമായ സഹായങ്ങൾ ആസ്റ്റർ മെഡ്സിറ്റിയിലെ വിദഗ്ധർ ചെയ്തുനൽകും.
അടിയന്തര വൈദ്യസഹായം ആവശ്യമുള്ളവർക്ക് സ്വന്തം വീട്ടിലും നാട്ടിലും വിദഗ്ധപരിശീലനം ലഭിച്ച പ്രഥമശുശ്രൂഷാ സംഘത്തിന്റെ സഹായമെത്തിക്കാനാണ് റാപിഡ് റെസ്പോൺസ് ടീം ഉദ്ദേശിക്കുന്നത്. സംഭവം നടന്ന സ്ഥലം മുതൽ ആശുപത്രിവരെയുള്ള യാത്രാമധ്യേയും ഇവരുടെ സേവനം ലഭിക്കും. അനിയന്ത്രിതമായ രക്തസമ്മർദ്ദം, മാനസികാരോഗ്യത്തിൽ പെട്ടെന്നുണ്ടാകുന്ന വലിയ മാറ്റങ്ങൾ, ശ്വാസതടസം, രോഗി പ്രതികരിക്കാത്ത അവസ്ഥ, കനത്ത നെഞ്ചുവേദന, അപസ്മാരം, തൊണ്ടയിൽ എന്തെങ്കിലും വസ്തുക്കൾ കുരുങ്ങുക, നിലയ്ക്കാത്ത രക്തപ്രവാഹം എന്നീ ഘട്ടങ്ങളിൽ പൊതുജനങ്ങൾക്ക് ആസ്റ്റർ മെഡ്സിറ്റിയുടെ റാപിഡ് റെസ്പോൺസ് ടീമിനെ ബന്ധപ്പെടാം.
ആസ്റ്റർ മെഡ്സിറ്റിയിലെ ഹെഡ് ഓഫ് ഓപ്പറേഷൻസ് ധന്യ ശ്യാമളൻ, ആസ്റ്റർ വോളന്റിയേഴ്സ് സംഘാംഗങ്ങൾ, എമർജൻസി വിഭാഗം ഡോക്ടർമാർ എന്നിവർക്കൊപ്പം കോളേജിലെ അധ്യാപകരും ജീവനക്കാരും പരിപാടിയിൽ പങ്കെടുത്തു