കോട്ടയം: അധ്യാപികയിൽനിന്ന് കൈക്കൂലി വാങ്ങിയ സംഭവത്തിൽ ഹെഡ്മാസ്റ്ററേയും എഇഒയെയും സസ്പെൻഡ് ചെയ്തു. കോട്ടയം ചാലുകുന്ന് സിഎൻഐഎൽപിഎസ് ഹെഡ്മാസ്റ്റർ സാം ജോൺ ടി. തോമസ്, കോട്ടയം വെസ്റ്റ് എഇഒ എം കെ മോഹൻദാസ് എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്.
സംഭവത്തെക്കുറിച്ച് പ്രാഥമിക അന്വേഷണം നടത്താൻ പൊതുവിദ്യാഭ്യാസ ഡയറക്ടർ ഷാനവാസിനു വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി നിർദേശം നൽകിയിരുന്നു. 10,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് ഹെഡ്മാസ്റ്റർ സാം ടി തോമസ് വിജിലൻസ് പിടിയിലായത്. കേസിലെ കൂട്ടുപ്രതിയാണ് എഇഒ എം കെ മോഹൻദാസ്. അഴിമതി വച്ചുപൊറുപ്പിക്കില്ലെന്ന് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. ഇത് സംബന്ധിച്ച് പ്രത്യേക പരിശോധനകൾ ഉണ്ടാകും. അഴിമതിക്കാരായ ഉദ്യോഗസ്ഥർ നിരീക്ഷണത്തിലാണെന്നത് ഓർക്കുന്നത് നന്നാവുമെന്നും മന്ത്രി വ്യക്തമാക്കി.