ബംഗളൂരു: ജെഡിഎസ് കേരള ഘടകത്തെ എല്‍ഡിഎഫില്‍ തുടരാന്‍ അനുവദിച്ച മുഖ്യമന്ത്രി പിണറായി വിജയന് നന്ദിയെന്ന് കര്‍ണാടക ജെഡിഎസ് അധ്യക്ഷന്‍ എച്ച് ഡി കുമാരസ്വാമി. പിണറായി വിജയന്‍ ജെഡിഎസ് – ബിജെപി സഖ്യത്തിന് അനുമതി നല്‍കിയെന്ന് ദേവഗൗഡ പറഞ്ഞിട്ടില്ല. കേന്ദ്രനേതൃത്വവുമായി അഭിപ്രായ ഭിന്നതകള്‍ ഉള്ള ജെഡിഎസ് കേരള ഘടകം എല്‍ഡിഎഫിനൊപ്പം തുടരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി.കേരളത്തില്‍ ജെ.ഡി.എസ് എല്‍.ഡി.എഫിനൊപ്പം ഉറച്ചുനില്‍ക്കും. കേരളത്തിലേയും കര്‍ണാടകയിലേയും സ്ഥിതി വ്യത്യസ്തമാണ്. ബി.ജെ.പി സഖ്യം കര്‍ണാടകയില്‍ മാത്രമാണ്. കേരളത്തില്‍ എല്‍.ഡി.എഫിനൊപ്പം നിന്നാണ് ജെ.ഡി.എസ് രാഷ്ട്രീയപ്രവര്‍ത്തനം നടത്തുകയെന്ന് എച്ച്.ഡി കുമാരസ്വാമി വ്യക്തമാക്കി.
ഈ രാജ്യത്ത് എവിടെയാണ് പാര്‍ട്ടികള്‍ തമ്മില്‍ ആശയ പോരാട്ടം നടക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു. കേരള ഘടകം സോഷ്യലിസ്റ്റ് ആശയധാര പിന്തുടരുന്നതില്‍ തെറ്റില്ല.അവര്‍ക്ക് എല്‍ഡിഎഫിന്റെ ഭാഗമായി തുടരാം, എന്‍ഡിഎ സഖ്യം കര്‍ണാടകയില്‍ മാത്രമാണെന്നും കുമാരസ്വാമി പറഞ്ഞു. പാര്‍ട്ടിയുടെ ആഭ്യന്തര കാര്യങ്ങള്‍ കേരള മുഖ്യമന്ത്രിയോട് സംസാരിക്കേണ്ട കാര്യമില്ലെന്നും കുമാരസ്വാമി കൂട്ടിച്ചേര്‍ത്തു.