ഹരിയാനയിൽ ഇഷ്ടിക ചൂളയിലെ മതിലിടിഞ്ഞ് വീണ് നാല് കുട്ടികൾ മരിച്ചു. മൂന്ന് മാസത്തിനും ഒൻപത് വയസിനും ഇടയിൽ പ്രായമുള്ള കുട്ടികളാണ് മരിച്ചത്. ഹരിയാനയിൽ ഹിസറിൽ ഞായറാഴ്ച രാത്രിയായിരുന്നു അപകടം. സംഭവത്തിൽ ഏഴ് കുട്ടികൾ മതിലിനടിയിൽ കുടുങ്ങി.
ഇഷ്ടിക ചൂളയിലെ തൊഴിലാളിയുടെ മക്കളാണ് മരിച്ചത്. ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് എല്ലാവരും മരിച്ചത്. അപകടം നടക്കുമ്പോൾ ഇരുപത്തിയഞ്ചോളം തൊഴിലാളികൾ സ്ഥലത്തുണ്ടായിരുന്നു.
നിഷ (മൂന്ന് മാസം), സുരേഷ്, വിവേക് (9), നന്ദിനി (5) എന്നിവരാണ് മരിച്ചത്. അപകടം നടക്കുമ്പോൾ കുട്ടികൾ മതിലിന് സമീപം കിടന്നുറങ്ങുകയായിരുന്നു.
പരുക്ക് പറ്റി ആശുപത്രിയിൽ കഴിയുന്ന ഒരു കുട്ടിയുടെ ആരോഗ്യ നില അതീവ ഗുരുതരമാണെന്നാണ് വിവരം.അതേസമയം അപകടത്തിൽ ഇതുവരെ യാതൊരു പരാതിയും ലഭിച്ചിട്ടില്ലെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്. മരിച്ച കുട്ടികളുടെ പോസ്റ്റ്മാർട്ടം ഉടൻ നടത്തും.