കൊച്ചി: മകളെക്കുറിച്ച് വിവരമില്ലെന്നും കോടതിയില്‍ ഹാജരാക്കാന്‍ നിര്‍ദേശിക്കണമെന്നും ആവശ്യപ്പെട്ട്, സംസ്ഥാനത്ത് ഏറെ ചര്‍ച്ചയായ മതപരിവര്‍ത്തനകേസിലെ ഹാദിയ (അഖില)യുടെ പിതാവ് വൈക്കം സ്വദേശി അശോകന്‍ ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പസ് ഹര്‍ജി നല്‍കി.മകളുടെ ജീവന്‍ അപകടത്തിലായേക്കുമെന്നും അവളെ തടവില്‍ വച്ചിരിക്കുന്നവര്‍ക്ക് നിരോധിക്കപ്പെട്ട പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുമായി അടുത്ത ബന്ധമുണ്ടെന്നും അശോകന്‍ ആരോപിക്കുന്നു.
ബിഎച്ച്എംഎസ് പാസായ മകള്‍ വിവാഹ ശേഷം മലപ്പുറത്ത് ക്ലിനിക്ക് ആരംഭിച്ചിരുന്നു എന്ന് അശോകന്‍ ഹര്‍ജിയില്‍ പറയുന്നു. എ എസ് സൈനബ എന്ന വ്യക്തിയും മര്‍ക്കാസുല്‍ ഹിദായ, സത്യശരണി എജ്യുക്കേഷണല്‍ ആന്‍ഡ് ചാരിറ്റബിള്‍ ട്രസ്റ്റ്, എന്നിവയുമായി ബന്ധപ്പെട്ടായിരുന്നു ക്ലിനിക്ക് സ്ഥിതിചെയ്തിരുന്നത്.താനും ഭാര്യയും ഹാദിയയെ ഇടയ്ക്കിടെ ബന്ധപ്പെടുകയും ക്ലിനിക്കില്‍ നേരിട്ട് പോയി കാണുകയും ചെയ്തിരുന്നു. ഷഫീനുമായി ഇപ്പോള്‍ തനിക്കു യാതൊരു ബന്ധവുമില്ലെന്നും ഷഫീന്‍ ഇപ്പോള്‍ എവിടെയാണെന്ന് പോലും അറിയില്ലെന്നും അമ്മയോട് അവള്‍ പറഞ്ഞിരുന്നു എന്നും അതുകൊണ്ടു തന്നെ ഹാദിയയുടെ കാര്യത്തില്‍ ആശങ്ക ഉണ്ടെന്നും അശോകന്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.
ഒരു മാസമായി ഫോണില്‍ ബന്ധപ്പെടാന്‍ കഴിയാത്തതിനെ തുടര്‍ന്ന് ഡിസംബര്‍ 3 ന് മകളുടെ ക്ലിനിക്കില്‍ എത്തി. അത് പൂട്ടിക്കിടക്കുകയായിരുന്നു.സമീപവാസികളോട് തിരക്കിയെങ്കിലും യാതൊരു വിവരവും ഉണ്ടായിരുന്നില്ല. ഇത് തന്റെ ഭയം ഇരട്ടിയാക്കിയതായും അശോകന്‍ പറയുന്നു. സൈനബയുടെയും ഷഫീന്‍ ജഹാന്റെയും തടവില്‍ ആണ് തന്റെ മകളെന്നു സംശയിക്കുന്നതായും അശോകന്‍ പറയുന്നു.