നിയമസഭ പാസാക്കിയ ബില്ലുകളില്‍ തീരുമാനമെടുക്കാത്ത ഗവര്‍ണറുടെ നടപടി ചോദ്യം ചെയ്ത് കേരളം സുപ്രീംകോടതിയില്‍ ഭേദഗതി ഹര്‍ജി നല്‍കി. ബില്ലുകളില്‍ ഒപ്പിടാന്‍ സമയ പരിധി നിശ്ചയിക്കണമെന്നും മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കണമെന്നുമാണ് കേരളത്തിന്റെ ആവശ്യം. ഹര്‍ജി ഫെബ്രുവരി ആദ്യം സുപ്രീംകോടതി പരിഗണിക്കും.
ബില്ലുകളില്‍ തീരുമാനമെടുക്കാതിരുന്ന ഗവര്‍ണ്ണറുടെ നടപടി അമിത ഭരണഘടനാധികാര പ്രയോഗമാണെന്നാണ് കേരളത്തിന്റെ വാദം. ഭരണഘടനയുടെ അനുച്ഛേദം 200ലെ ‘എത്രയും വേഗം’ എന്ന നിര്‍വ്വചനത്തിന് സമയ പരിധി നിശ്ചയിക്കണം. ബില്ലുകളില്‍ എത്രയും വേഗം തീരുമാനമെടുക്കണമെന്ന് ഗവര്‍ണര്‍ക്ക് നിര്‍ദ്ദേശം നല്‍കണം. ഭരണഘടനാ ചുമതലകള്‍ നിറവേറ്റുന്നതില്‍ ഗവര്‍ണര്‍ പരാജയപ്പെട്ടുവെന്ന് പ്രഖ്യാപിക്കണം. ഗവര്‍ണര്‍മാര്‍ ബില്ലുകളില്‍ ഒപ്പിടുന്നതില്‍ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കണമെന്നുമാണ് കേരളം ഭേദഗതി ചെയ്ത് നല്‍കിയ ഹര്‍ജിയിലെ പ്രധാന ആവശ്യങ്ങള്‍.