ഗവര്‍ണര്‍ നാമനിര്‍ദ്ദേശം ചെയ്ത സെനറ്റ് അംഗങ്ങള്‍ക്ക് പൊലീസ് സംരക്ഷണം നല്‍കണമെന്ന് ഹൈക്കോടതി

Breaking Kerala

തിരുവനന്തപുരം: കാലിക്കറ്റ് സര്‍വകലാശാല സെനറ്റിലേക്ക് ചാന്‍സലറായ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നാമനിര്‍ദേശം ചെയ്ത, പത്മശ്രീ ബാലന്‍ പൂതേരി ഉള്‍പ്പെടെയുള്ള അംഗങ്ങള്‍ക്ക് പോലീസ് സംരക്ഷണം നല്‍കണം എന്ന് ഹൈക്കോടതി.പൊലീസ് സുരക്ഷ അവശ്യപ്പെട്ട് സെനറ്റ് അംഗങ്ങള്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി ഉത്തരവ്.

ഹര്‍ജിക്കാരുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കാനാണ് പൊലീസിന് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കിയത്. ഇവര്‍ക്ക് സെനറ്റ് മെമ്ബര്‍മാരായി പ്രവര്‍ത്തിക്കുന്നതിന് തടസ്സമുണ്ടാകുന്നില്ലെന്ന് ഉറപ്പു വരുത്താന്‍ പോലീസിനോട് ഹൈക്കോടതി ആവശ്യപ്പെട്ടു.

എസ്‌എഫ്‌ഐയാണ് ഗവര്‍ണര്‍ നാമനിര്‍ദ്ദേശം ചെയ്ത സെനറ്റ് അംഗങ്ങള്‍ക്കെതിരെ കടുത്ത നിലപാടുമായി രംഗത്തുള്ളത്. കഴിഞ്ഞ തവണ സെനറ്റ് യോഗത്തിനെത്തിയ ഇവരെ സെനറ്റ് ഹാളിന്റെ ഗേറ്റ് പൂട്ടി എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ തടഞ്ഞിരുന്നു. ബാലന്‍ പൂതേരിയെ അടക്കം എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ ഏറെ നേരം റോഡില്‍ നിര്‍ത്തുകയും മത്സരിച്ച്‌ ജയിച്ച്‌ സെനറ്റ് അംഗങ്ങളാകാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു.

തുടര്‍ന്നാണ് സെനറ്റ് അംഗങ്ങള്‍ പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. എതിര്‍ കക്ഷികളായ എസ്‌എഫ്‌ഐ നേതാക്കള്‍ ഹര്‍ജിക്കാരുടെ വീടറിയാമെന്നും അവിടേക്കെത്തുമെന്നും ഭീഷണി മുഴക്കിയതായും ഹര്‍ജിയില്‍ ഉന്നയിച്ചിരുന്നു. തങ്ങളെ സെനറ്റ് ഹാളിലേക്ക് കടത്തിവിടാതെ തടഞ്ഞപ്പോള്‍ കാലിക്കറ്റ് സര്‍വകലാശാല അധികൃതരും പോലീസും മൂക സാക്ഷികളായി നിലകൊണ്ടുവെന്നും സെനറ്റംഗങ്ങള്‍ കോടതിയെ അറിയിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് നടപടി.

Leave a Reply

Your email address will not be published. Required fields are marked *