ന്യൂഡല്‍ഹി: അസാധാരണമായ കേസല്ലെങ്കില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരോട് നേരിട്ട് ഹാജരാകാന്‍ ആവശ്യപ്പെടരുതെന്ന് കേന്ദ്ര സര്‍ക്കാര്‍. സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച കരട് മാര്‍ഗ രേഖയിലാണ് (സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിംഗ് പ്രോസീജര്‍ -എസ്.ഒ.പി) ഇക്കാര്യം പറയുന്നത്. ഉദ്യോഗസ്ഥര്‍ക്ക് വീഡിയോ കോണ്‍ഫറന്‍സിലൂടെ ഹാജരാകാന്‍ അവസരം നല്‍കണമെന്ന് മാര്‍ഗരേഖയില്‍ പറയുന്നു.
കോടതിക്ക് മുമ്പിലുള്ള വിഷയങ്ങള്‍ സര്‍ക്കാരിന്റെ അധികാര കേന്ദ്രങ്ങളുമായി ബന്ധപ്പെട്ടാണെങ്കില്‍ കൂടുതല്‍ നടപടികള്‍ക്കായി റഫര്‍ ചെയ്യണം. സംസ്ഥാനങ്ങളെ ബാധിക്കുന്നതും വ്യാപക പ്രത്യാഘാതങ്ങളുണ്ടാക്കുന്ന വിഷയങ്ങളും ജാഗ്രതയോടെ കൈകാര്യം ചെയ്യണം. വസ്ത്ര ധാരണത്തെക്കുറിച്ചോ ശാരീരിക രൂപത്തെക്കുറിച്ചോ വിദ്യാഭ്യാസപരവും സാമൂഹികവുമായ പശ്ചാത്തലത്തെക്കുറിച്ചോ കോടതികള്‍ അഭിപ്രായം പറയരുത്.
കൂടാതെ ഏതെങ്കിലും കമ്മിറ്റി രൂപീകരിക്കുമ്പോള്‍ ജഡ്ജിമാര്‍ വ്യക്തികളുടെ പേര് നല്‍കരുതെന്നും നിര്‍ദേശമുണ്ട്.