സർക്കാർ സ്‌കൂളുകളിലെ ഇന്റർനെറ്റ് സൗകര്യങ്ങളുടെ ലഭ്യതയിൽ കേരളം ഒന്നാംസ്ഥാനത്ത്

Breaking Kerala

ഡൽഹി: സർക്കാർ സ്‌കൂളുകളിലെ ഇന്റർനെറ്റ് സൗകര്യങ്ങളുടെ ലഭ്യതയിൽ കേരളം ഒന്നാംസ്ഥാനത്ത് -94.6 ശതമാനം. 94.2 ശതമാനം ഇന്റർനെറ്റ് ലഭ്യതയുള്ള ഗുജറാത്താണ് രണ്ടാംസ്ഥാനത്ത്. മൂന്നാംസ്ഥാനത്തുള്ള രാജസ്ഥാനിലെ സർക്കാർ സ്‌കൂളുകളിൽ 50 ശതമാനം മാത്രമാണ് ലഭ്യത. അഞ്ചുവർഷത്തിനിടെ രാജ്യത്തെ സർക്കാർ സ്‌കൂളുകളിൽ ഇൻർനെറ്റ് സൗകര്യങ്ങളുടെ ലഭ്യതയിൽ 24.2 ശതമാനത്തിന്റെ വർധയുണ്ടായതായാണ് കണക്കുകൾ. ബി.ജെ.പി. രാജ്യസഭാംഗം ധനഞ്ജയ് മഹാദികിന്റെ ചോദ്യത്തിന് കേന്ദ്ര വിദ്യാഭ്യാസസഹമന്ത്രി അന്നപൂർണ ദേവിയാണ് രാജ്യസഭയിൽ രേഖാമൂലം മറുപടിനൽകിയത്.
2017-2018ൽ 5.5 ശതമാനമായിരുന്നു രാജ്യത്തെ സർക്കാർ സ്‌കൂളുകളിലെ ഇന്റർനെറ്റ് ലഭ്യത. ഇത് 2021-22ൽ 24.2 ശതമാനമായി. കേന്ദ്രഭരണപ്രദേശങ്ങളായ ഡൽഹി, പുതുച്ചേരി, ചണ്ഡീഗഢ്‌ എന്നിവിടങ്ങളിലെ സർക്കാർ സ്‌കൂളുകളിൽ 100 ശതമാനമാണ് ലഭ്യത. കേരളത്തിൽ 2017-18ൽ സർക്കാർ സ്‌കൂളുകളിലെ ഇന്റർനെറ്റ് ലഭ്യത 38 ശതമായിരുന്നു. ഇന്റർനെറ്റ് ലഭ്യത സർക്കാർ സ്‌കൂളുകളിൽ ഏറ്റവും കുറവ് ബിഹാർ (5.9 ശതമാനം), മിസോറം (6 ശതമാനം), ഒഡിഷ (8.1 ശതമാനം), തെലങ്കാന (9.2 ശതമാനം) സംസ്ഥാനങ്ങളിലാണെന്നും കണക്കുകൾ വ്യക്തമാക്കുന്നു.
കംപ്യൂട്ടർ സൗകര്യമുള്ള എല്ലാ സർക്കാർ സ്‌കൂളുകളും ബി.എസ്.എൻ.എലുമായിച്ചേർന്ന് ഇന്റർനെറ്റ് സൗകര്യം ഉറപ്പാക്കണമെന്ന് കേന്ദ്രം സംസ്ഥാനങ്ങൾക്ക് നിർദേശം നൽകിയിരുന്നു. സർക്കാർ സ്‌കൂളുകളിൽ കഴിഞ്ഞ അഞ്ചുവർഷം സ്മാർട്ട് ക്ലാസ്റൂം പദ്ധതി നടപ്പാക്കാൻ കേന്ദ്രം 2443 കോടി രൂപയാണ് ചെലവിട്ടത്.

Leave a Reply

Your email address will not be published. Required fields are marked *