യുനൈറ്റഡ് നാഷന്‍സ്: ഗാസയില്‍ അടിയന്തര വെടിനിര്‍ത്തല്‍ വേണമെന്നാവശ്യപ്പെടുന്ന പ്രമേയം ഐക്യരാഷ്ട്ര സഭയില്‍ യുഎസ് വീറ്റോ ചെയ്തു. 55 രാജ്യങ്ങളുടെ പിന്തുണയോടെയാണ് യു.എ.ഇ പ്രമേയം കൊണ്ടുവന്നത്. വീറ്റോ അധികാരമുള്ള യുഎസ് എതിര്‍ത്തതു കാരണം പ്രമേയം രക്ഷാസമിതിക്കു പാസാക്കാന്‍ സാധിച്ചില്ല.
15 അംഗ രക്ഷാസമിതിയില്‍ 13 രാജ്യങ്ങള്‍ പ്രമേയത്തിന് അനുകൂലമായി വോട്ടു ചെയ്തു. ബ്രിട്ടന്‍ വിട്ടുനിന്നു. ഗാസയിലെ ഇസ്രയേല്‍ ആക്രമണം രണ്ടുമാസം പിന്നിട്ടതോടെയാണ് വെടിനിര്‍ത്തല്‍ ആവശ്യപ്പെടാന്‍ യു.എന്‍ ചാര്‍ട്ടറിലെ 99ാം അനുച്ഛേദ പ്രകാരം സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസിന്‍റെ പ്രത്യേകാധികാരം പ്രയോഗിച്ച് അടിയന്തര രക്ഷാസമിതി വിളിച്ചുചേര്‍ത്തത്.
ഗാസയിലെ ജനങ്ങളുടെ നരകയാതന അവസാനിപ്പിക്കാന്‍ അന്താരാഷ്ട്ര സമൂഹം എന്തെങ്കിലും ചെയ്തേ പറ്റൂ എന്നും ലോകവും ചരിത്രവും എല്ലാം കാണുന്നുണ്ടെന്നും ഇത് പ്രവര്‍ത്തിക്കാനുള്ള സമയമാണെന്നും ഗുട്ടെറസ് പറഞ്ഞിരുന്നു. നിലവില്‍ വെടിനിര്‍ത്തല്‍ ഉണ്ടായാല്‍ ഹമാസിനാകും ഗുണം ചെയ്യുകയെന്ന് പറഞ്ഞാണ് അമേരിക്ക പ്രമേയത്തെ വീറ്റോ ചെയ്തത്.