ഗാസയ്ക്ക് നേരെ ഇസ്രയേല്‍ നടത്തുന്ന സൈനിക നീക്കം ഒരു മാസം പിന്നിടുമ്ബോള്‍ മരണം പതിനായിരം പിന്നിട്ടു. ആഴ്ചകള്‍ നീണ്ട വ്യോമാക്രമണത്തിന് ശേഷം കരയുദ്ധത്തിലേക്ക് കടന്ന ഇസ്രയേല്‍ സേന ഇതിനോടകം ഗാസയുടെ ഹൃദയഭാഗത്തെത്തിയെന്നാണ് ഇസ്രയേല്‍ അവകാശപ്പെടുന്നത്.സൈന്യം ഗാസ സിറ്റിയിലേക്ക് അടുത്തതായി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും സ്ഥിരീകരിച്ചു. ഗാസ നിവാസികള്‍ സുരക്ഷിതമായ തെക്കന്‍ ഗാസയിലേക്ക് മാറണമെന്നും നെതന്യാഹു മുന്നറിയിപ്പ് നല്‍കി.
മനുഷ്യമനഃസാക്ഷിയെ മരവിപ്പിക്കുന്ന വാര്‍ത്തകളും ദൃശ്യങ്ങളുമായിരുന്നു കഴിഞ്ഞ ഒരുമാസമായി ഗാസയില്‍ നിന്നും പുറത്തുവന്നിരുന്നത്. ലോകരാഷ്ട്രങ്ങള്‍ വെടിനിര്‍ത്തലിന് ആഹ്വാനം ചെയ്തിട്ടും ഇസ്രയേല്‍ ഏകപക്ഷീയമായ സൈനിക നടപടി തുടരുന്ന നിലയാണുള്ളത്. ഗാസയിലേക്കുള്ള വെള്ളവും വൈദ്യുതിയും ഇന്ധന വിതരണവും തടഞ്ഞായിരുന്നു രണ്ട് ദശലക്ഷം വരുന്ന ഗാസ ജനതയെ ഇസ്രയേല്‍ കൊടും ദുരിതത്തിലേക്ക് തള്ളിവിട്ടത്. അന്താരാഷ്ട്ര സഹായം എത്തുന്ന വഴികള്‍ തടഞ്ഞും പതിനായിരങ്ങളെ ദുദ്ധക്കെടുതികളിലേക്ക് തള്ളിവിട്ടു.