ഗാസയിലുള്ള ഇന്ത്യക്കാരെ തിരിച്ചയക്കുന്നതിന് നിലവിലെ സാഹചര്യം അനുകൂലമല്ലെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം. ലഭ്യമായ ആദ്യ അവസരത്തിൽ തന്നെ ഒഴിപ്പിക്കൽ നടപടികൾ സാധ്യമാക്കുമെന്ന് മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി അറിയിച്ചു.
നാല് ഇന്ത്യക്കാർ ഗാസയിലും ഒരാൾ വെസ്റ്റ് ബാങ്കിലുമാണ്. ഗാസയിൽ സിവിലിയന്മാരാരും കൊല്ലപ്പെടുകയോ ആക്രമിക്കപ്പെടുകയോ ചെയ്തതായി റിപ്പോർട്ടുകളില്ലെന്നും അരിന്ദം കൂട്ടിച്ചേർത്തു.
ഇസ്രായേലിനെതിരായ ആക്രമണത്തെ ശക്തമായി അപലപിക്കുന്നതായും അരിന്ദം വ്യക്തമാക്കി. തെക്കൻ ഇസ്രായേലിലെ അഷ്‌കെലോണിൽ ഒരു ഇന്ത്യൻ പൗരന് ഒക്‌ടോബർ ഏഴിന് ഹമാസിന്റെ ആക്രമണത്തിൽ പരിക്കേറ്റതായും അരിന്ദം അറിയിച്ചു.
ഇതുവരെ ഇന്ത്യ 1200 പേരെ ഇസ്രായേലിൽ നിന്ന് തിരിച്ചയച്ചിട്ടുണ്ട്. ഇതിൽ 18 നേപ്പാൾ സ്വദേശികളും ഉൾപ്പെടുന്നു. സാധാരണക്കാർ കൊല്ലപ്പെട്ടതില്‍ ഇന്ത്യ ആശങ്ക അറിയിച്ചിട്ടുള്ളതായും അരിന്ദം പറഞ്ഞു.
ഗാസയിലെ ആശുപത്രിയിലുണ്ടായ വ്യോമാക്രമണത്തില്‍ 500 പേർ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികരിക്കവെയാണ് വിദേശകാര്യമന്ത്രാലയം വക്താവിന്റെ പ്രതികരണം.