ന്യൂഡൽഹി: ജി 20 ലോക രാഷ്ട്രത്തലവന്മാരുടെ ഉച്ചകോടിക്ക് ഡൽഹിയിൽ ഇന്നു തുടക്കം. അമേരിക്കൻ പ്രസിഡൻറ് ജോ ബൈഡൻ, ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനാക്, ചൈനീസ് പ്രധാനമന്ത്രി ലി ക്വിയാംഗ്, പ്രധാനമന്ത്രി നരേന്ദ്ര മോദി, റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്റോവ് ഉൾപ്പെടെയുള്ള ലോകനേതാക്കളും യുഎൻ സെക്രട്ടറി ജനറൽ അൻറോണിയോ ഗുട്ടെറസും ചർച്ച ചെയ്തു. സമാപനദിവസമായ ഞായറാഴ്ച പുറത്തിറക്കുന്ന സംയുക്ത പ്രസ്താവനയിൽ റഷ്യ- യുക്രെയ്ൻ യുദ്ധം അടക്കമുള്ള പ്രശ്നങ്ങളിൽ സമവായമുണ്ടാക്കാൻ കഴിയുമെന്ന് ഇന്ത്യ പ്രതീക്ഷ പ്രകടിപ്പിച്ചു.
പ്രഗതി മൈതാനിയിലെ ഭാരത മണ്ഡപത്തിലെ വേദിയിൽ ഉച്ചകോടിക്കായി ഇന്ത്യയിലെത്തിയ ലോകനേതാക്കളെ രാവിലെ 9.30 മുതൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ടു സ്വാഗതം ചെയ്യുന്നതോടെയാണ് രണ്ടു ദിവസത്തെ പരിപാടികൾ ആരംഭിക്കുക. ഓരോ നേതാക്കളോടൊപ്പവും മോദി വേദിയിൽ പ്രത്യേകം ഫോട്ടോകൾക്കു പോസ് ചെയ്യും.