കൊച്ചി: ഷവർമ കഴിച്ചതിന് പിന്നാലെ ആരോഗ്യ സ്ഥിതി വഷളായി ചികിത്സയിൽ കഴിഞ്ഞിരുന്ന യുവാവ് മരിച്ചു. കോട്ടയം സ്വദേശി രാഹുൽ ആർ നായരാ(24)ണ് മരിച്ചത്. കഴിഞ്ഞ മൂന്നു ദിവസമായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വെന്റിലേറ്ററിൽ തുടരുകയായിരുന്നു. ഷവർമയിൽ നിന്ന് ഭക്ഷ്യവിഷബാധ ഉണ്ടായതായാണ് പ്രാഥമിക നിഗമനം.
കഴിഞ്ഞ ബുധനാഴ്ചയാണ് രാഹുൽ കാക്കനാട്ടെ ഹോട്ടലിൽ നിന്ന് ഷവർമ പാർസൽ വാങ്ങി കഴിച്ചത്. അന്നുമുതൽ ആരോഗ്യപ്രശ്നങ്ങൾ കണ്ടു തുടങ്ങിയതായി സുഹൃത്തുക്കൾ പറയുന്നു. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവാവിന് ഹൃദയഘാതം ഉണ്ടാവുകയും കിഡ്നിയെ ബാധിക്കുകയും ചെയ്തു. അതീവ ഗുരുതരാവസ്ഥയിലായിരുന്ന രാഹുലിന് ഡയാലിസിസ് നടത്തിയിരുന്നു. യുവാവിന്റെ പരാതിയിൽ ഹോട്ടൽ അടച്ചുപൂട്ടിയിരുന്നു.