ഡല്‍ഹി: പഞ്ചാബിലെ ഫിറോസ്പൂര്‍ ജില്ലയില്‍ നിന്ന് അതിര്‍ത്തി രക്ഷാ സേന ഡ്രോണ്‍ കണ്ടെടുത്തു. ഫിറോസ്പൂരിലെ ഹസാര സിംഗ് വാല ഗ്രാമത്തില്‍ ഡ്രോണ്‍ കണ്ടെന്ന് നാട്ടുകാരില്‍ നിന്ന് വിവരം ലഭിച്ചതിനെത്തുടര്‍ന്ന് ബിഎസ്എഫ് ഉദ്യോഗസ്ഥര്‍ നടത്തിയ തിരച്ചിലില്‍ ആണ് തകര്‍ന്ന നിലയില്‍ ഡ്രോണ്‍ കണ്ടെത്തിയത്. കണ്ടെടുത്ത ഡ്രോണ്‍ ചൈനീസ് ക്വാഡ്കോപ്റ്റര്‍ മോഡലാണെന്ന് ബിഎസ്എഫ് ഉദ്യോഗസ്ഥര്‍ പറയുന്നു.
നേരത്തെ 2023 നവംബറില്‍ ബിഎസ്എഫും പഞ്ചാബ് പോലീസും സംസ്ഥാനത്തെ അമൃത്സര്‍ ജില്ലയിലെ രജതാല്‍ ഗ്രാമത്തിന്റെ പ്രാന്തപ്രദേശത്തുള്ള ഒരു നെല്‍വയലില്‍ നിന്ന് മൂന്ന് പാക്കറ്റ് ഹെറോയിനും ഒരു ഡ്രോണും കണ്ടെടുത്തിരുന്നു. പ്രദേശത്ത് നിരോധിത വസ്തുക്കള്‍ ഉണ്ടെന്ന് വ്യക്തമായ വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് സംയുക്ത തിരച്ചില്‍ ആരംഭിച്ചത്.
പിടികൂടിയ ഹെറോയിനിന്റെ ഭാരം ഏകദേശം 3.242 കിലോഗ്രാം ആയിരുന്നു. മയക്കുമരുന്നിന് പുറമെ തകര്‍ന്ന നിലയിലുള്ള ഇടത്തരം വലിപ്പമുള്ള ക്വാഡ്കോപ്റ്ററും കണ്ടെടുത്തു. ഓപ്പറേഷനു ശേഷം, കണ്ടെടുത്ത വസ്തുക്കള്‍ കൂടുതല്‍ അന്വേഷണത്തിനായി കസ്റ്റഡിയില്‍ എടുത്തു.