ഡൽഹി: കേരളത്തിന് 4,29,270.6 കോടി രൂപയുടെ കടബാധ്യതയുള്ളതായി കേന്ദ്രസർക്കാർ ലോക്‌സഭയിൽ. 2024 വരെയുള്ള കണക്കാണിത്. എൻ കെ പ്രേമചന്ദ്രൻ എംപിയുടെ ചോദ്യത്തിന് മറുപടിയായി ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരിയാണ് ഇക്കാര്യം പറഞ്ഞത്.2023-24 സാമ്പത്തികവർഷത്തിൽ കേരളത്തിന് അനുവദീയമായ കടമെടുപ്പ് പരിധി 32, 442 കോടി രൂപയാണ്. 1787.38 കോടി രൂപയുടെ അധിക കടമെടുക്കാനും അനുവദിച്ചിട്ടുണ്ട്. കേരളത്തിന് അർഹമായ നികുതി വിഹിതം നൽകിയിട്ടുണ്ടെന്ന് ഡീൻ കുര്യാക്കോസിന്റെ ചോദ്യത്തിന് മറുപടിയായി പങ്കജ് ചൗധരി അറിയിച്ചു.സംസ്ഥാനങ്ങൾക്ക് ജിഎസ്ടി നഷ്ടപരിഹാരം കൊടുക്കുന്നത് 2022 ജൂൺ 30ന് അവസാനിപ്പിച്ചതാണെന്ന് ധനമന്ത്രി നിർമല സീതാരാമൻ ലോക്സഭയിൽ അറിയിച്ചു. എൻ കെ പ്രേമചന്ദ്രന്റെ ചോദ്യത്തിന് മറുപടിയായാണ് നിർമല സീതാരാമൻ ഇക്കാര്യം പറഞ്ഞത്.കോവിഡ് കാലത്ത് വരുമാനമില്ലാതിരുന്നപ്പോൾ പണം കടമെടുത്താണു സംസ്ഥാനങ്ങൾക്കു നൽകിയിരുന്നത്. അതിന്റെ തിരിച്ചടവും പലിശയും കണക്കിലെടുത്താണ് ഇപ്പോൾ സെസ് പിരിക്കുന്നത്. അത് 2026 മാർച്ച് 31വരെ തുടരും. നിയമം മാറ്റേണ്ടത് ജിഎസ്‌ടി കൗൺസിലാണെന്നും ധനമന്ത്രിയല്ലെന്നും നിർമല സീതാരാമൻ പറഞ്ഞു.കേരളത്തിന് 2022-23 ഒന്നാം പാദത്തിലേത് ഒഴികെ ബാക്കി തുക നൽകിയിട്ടുണ്ട്. എജിയുടെ സർട്ടിഫിക്കറ്റ് സഹിതമുള്ള കണക്കുകൾ ലഭിച്ചാലുടൻ ഇതും നൽകുമെന്നും നിർമല അറിയിച്ചു.
കേരളത്തിന് 4,29,270.6 കോടി രൂപയുടെ കടബാധ്യതയുള്ളതായി കേന്ദ്രസർക്കാർ ലോക്സഭയിൽ
