ചലച്ചിത്ര നയരൂപീകരണ കമ്മറ്റിയിൽ നിന്ന് രണ്ട് പേർ പിന്മാറി. സംവിധായകനും ഛായാഗ്രാഹകനുമായ രാജീവ് രവിയും നടി മഞ്ജു വാര്യരുമാണ് പിന്മാറിയത്. കമ്മിറ്റി രൂപീകരണം വിവാദത്തിലായതിന് പിന്നാലെയാണ് പിന്മാറ്റം.
ഫിലിം ചേംബറും മലയാള സിനിമയിലെ വനിതാ കൂട്ടായ്മയായ വിമൻ ഇൻ സിനിമ കളക്ടീവും കമ്മിറ്റി രൂപീകരണത്തിൽ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. ഫിലിം അസോസിയേഷനുകളോട് ആലോചിക്കാതെയാണ് ഷാജി എൻ കരുണ്‍ കമ്മിറ്റി രൂപീകരിച്ചതെന്ന് ഫിലിം ചേംബർ ആരോപിച്ചു.
ഇക്കാര്യം ചൂണ്ടിക്കാട്ടി ഫിലിം ചേംബർ സംസ്ഥാന സർക്കാരിന് കത്തയച്ചു. ജോലിസ്ഥലത്തെ പ്രശ്നങ്ങൾക്ക് പ്രായോഗിക പരിഹാരം നൽകാൻ ഏകപക്ഷീയമായി രൂപീകരിച്ച സമിതിക്ക് കഴിയില്ലെന്നും ഡബ്ള്യൂസിസി അഭിപ്രായപ്പെട്ടു.
അതേസമയം വിഷയത്തിൽ പ്രതികരിച്ച സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ നിലവിലെ തീരുമാനം അന്തിമമല്ലെന്നും ലൈറ്റ് ബോയ് മുതൽ മെഗാസ്റ്റാർ വരെ പങ്കെടുക്കുന്ന മെഗാ കോൺക്ലേവിലായിരിക്കും അന്തിമ തീരുമാനമുണ്ടാകുക എന്നറിയിക്കുകയും ചെയ്തു.