കൊച്ചി: പനി ബാധിച്ച് ആശുപത്രിയിലെത്തിയ ഏഴുവയസുകാരിയ്ക്ക് പേവിഷബാധയ്ക്കുള്ള കുത്തിവയ്പ്പെടുത്തതായി പരാതി. അങ്കമാലി താലൂക്ക് ആശുപത്രിയിലാണ് സംഭവം.വിട്ടുമാറാത്ത പനി മൂലം രക്തപരിശോധനയ്ക്കായി എത്തിയ പെണ്‍കുട്ടിയ്ക്കാണ് വാക്സിൻ മാറി നല്‍കിയത്.
പനി മൂലം കഴിഞ്ഞ ഒമ്ബതാം തീയതി കുട്ടിയെ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചിരുന്നു. എന്നാല്‍ ചികിത്സ തേടി മടങ്ങി രണ്ട് ദിവസം കഴിഞ്ഞിട്ടും പനിയ്ക്ക് ശമനമുണ്ടായില്ല. തുടര്‍ന്ന് വീണ്ടും ആശുപത്രിയിലെത്തി. ഡോക്ടര്‍ രക്തപരിശോധനയ്ക്ക് നിര്‍ദേശിച്ചതോടെ കുട്ടിയെ പരിശോധന റൂമിലേയ്ക്ക് എത്തിച്ചു. എന്നാല്‍ അമ്മ ഫോം പൂരിപ്പിക്കാനായി മാറിയ സമയം നഴ്സ് കുട്ടിയുടെ ഇരുകൈകളിലും പേവിഷബാധയുടെ കുത്തിവയ്പ്പ് എടുത്തതായാണ് പരാതി.അമ്മ സമീപത്ത് നിന്ന് മാറിയതും നഴ്സ് കുട്ടിയോട് പൂച്ച മാന്തിയതിനാണോ എത്തിയത് എന്ന് ചോദിക്കുകയും കുട്ടി അതേ എന്ന് മറുപടി നല്‍കിയതോടെ കുത്തിവെയ്പ്പ് നല്‍കി എന്നുമാണ് വിവരം. വാക്സിൻ മാറി നല്‍കിയതില്‍ ആശുപത്രി അധികൃതര്‍ക്കെതിരെ നടപടി വേണമെന്നാണ് കുടുംബത്തിന്റെ ആവശ്യം.
അതേസമയം കഴിഞ്ഞ ആഴ്ച കൊല്ലം പുനലൂര്‍ താലൂക്ക് ആശുപത്രിയിലും കുത്തിവയ്പ്പ് മാറി നല്‍കിയ സംഭവം റിപ്പോര്‍ട്ട് ചെയ്തിരുന്നു. കുത്തിവയ്പ്പെടുത്ത് ഒരു മണിക്കൂറിന് ശേഷം കുട്ടികള്‍ അടക്കം 11 രോഗികള്‍ക്ക് ശാരീരിക അസ്വസ്ഥത അനുഭവപ്പെടുകയായിരുന്നു. തുടര്‍ന്ന് കുട്ടികളെ തിരുവനന്തപുരം എസ്‌എടി ആശുപത്രിയിലും ബാക്കിയുള്ളവെര ആശുപത്രിയിലെ തന്നെ അത്യാഹിത വിഭാഗത്തിലും പ്രവേശിപ്പിച്ചു. സംഭവത്തെ തുടര്‍ന്ന് ആശുപത്രിയിലെ നഴ്സിംഗ് ഓഫീസര്‍ പ്രിൻസി പൊന്നച്ചൻ, ഗ്രേഡ്-2 അറ്റൻഡര്‍ ഓമന എന്നിവരെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തിരുന്നു.