തിരുവനന്തപുരം: മാധ്യമപ്രവർത്തകയോട് ലൈംഗിക ചുവയോടെ സംസാരിച്ചതിന് നടൻ അലൻസിയറിനെതിരെ പൊലീസിൽ പരാതി. തിരുവനന്തപുരം റൂറൽ എസ് പി ഡി. ശില്പയ്ക്കാണ് പരാതി നൽകിയിരിക്കുന്നത്. ചലച്ചിത്ര അവാര്‍ഡില്‍ പെണ്‍ പ്രതിമ നല്‍കി പ്രലോഭിപ്പിക്കരുതെന്ന അലൻസിയറിന്‍റെ പരാമര്‍ശം വിവാദമായിരുന്നു. നടന്റെ പ്രസ്താവനക്കെതിരെ വലിയ വിമർശനങ്ങളാണ് ഉയരുന്നത്.
എന്നാൽ, പരാമർശത്തിൽ ഉറച്ചുനില്‍ക്കുന്നുവെന്നാണ് അലൻസിയറിന്‍റെ നിലപാട്. സ്ത്രീവിരുദ്ധ പരാമർശം നടത്തിയിട്ടില്ല. തന്റെ സംസാരത്തിൽ അങ്ങനെ വന്നിട്ടുണ്ടാകാമെന്നും, ആൺ രൂപത്തിലുള്ള പ്രതിമ കിട്ടണമെന്ന് ആഗ്രഹിച്ച് പറഞ്ഞതാണെന്നും അലൻസിയർ പറയുന്നത്. പ്രതിഷേധം ഉയരുന്ന പശ്ചാത്തലത്തിൽ പ്രതികരണം ചോദിച്ചപ്പോഴായിരുന്നു മാധ്യമപ്രവർത്തകയോട് അലൻസിയർ അപമര്യാദയായി പെരുമാറിയത്.